മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Posted on: March 2, 2015 1:37 pm | Last updated: March 2, 2015 at 10:30 pm
SHARE

lok-sabhaന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കല്ലുകടി. കാശ്മീരില്‍ നല്ല രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നതിന് പാകിസ്ഥാനോടും തീവ്രവാദ-വിഘടനവാദ സംഘടനകളോടും നന്ദി പറഞ്ഞ മുഫ്തിയുടെ നടപടിയാണ് ബിജെപിയെ വെട്ടിലാക്കിയത്. മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചു.
മുഫ്തിയുടെ പ്രസ്താവനയെ കേന്ദ്രസര്‍ക്കാരും ബിജെപിയും തള്ളുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. കാശ്മീരില്‍ തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമൊരുക്കിയതിന്റെ ക്രെഡിറ്റ് ജമ്മു കാശ്മീരിലെ ജനത്തിനും തിരഞ്ഞെടുപ്പ് കമീഷനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ അനുമതിയോടുകൂടിയാണ് പ്രസ്താവന നടത്തുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
എന്നാല്‍ മുഫ്തിയെ തള്ളിക്കൊണ്ട് പ്രധാനമന്ത്രി പസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം കേന്ദ്രം തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എം പിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.