വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം: ഒമ്പത് മാസത്തിനിടെ 6,736 കേസുകള്‍

Posted on: March 2, 2015 11:16 am | Last updated: March 2, 2015 at 12:17 pm
SHARE

no-drugsതിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ ഥികളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒമ്പതുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 6,736 ആയി.

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ വര്‍ഷം മെയ് 30 മുതല്‍ നടത്തിവരുന്ന പരിശോധനയെ തുടര്‍ന്നാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 30470 റെയ്ഡുകളിലായി 6587 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
എല്‍ പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലെ പല കുട്ടികളും മദ്യമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കി. സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയുകയാണ് ലക്ഷ്യം. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേരളത്തില്‍ പാന്‍മസാലയുടെയും ഗുഡ്ക്ക വിഭാഗത്തില്‍പ്പെടുന്ന പുകയില ഉത്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും ഇവയുടെ അനധികൃത വില്‍പ്പന വ്യാപകമാണ്. പലതും പേര് മാറ്റിയാണ് വില്‍ക്കുന്നത്.
അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് ഇവ പ്രധാനമായും എത്തുന്നത്. എന്നാല്‍ മുമ്പ് ഉണ്ടായിരുന്നു വിലയെക്കാള്‍ അഞ്ചും ആറും ഇരട്ടിക്കാണ് ഇവ വില്‍ക്കുന്നത്. തമിഴ്‌നാടിന് പുറമെ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇവ വ്യാപകമായി എത്തുന്നുണ്ട്. പാന്‍മസാല ഉപയോഗിക്കുന്നത് ഒരു വിഭാഗം വിദ്യാര്‍ഥികളും തൊഴിലാളികളുമാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന കണ്ണികള്‍ക്ക് വിദ്യാര്‍ഥികളോടാണ് പ്രിയം.
കര്‍ശന പരിശോധനകളെ വെല്ലുവിളിച്ച് കഞ്ചാവ് അതിര്‍ത്തി കടത്താന്‍ ഇടനിലക്കാര്‍ കാണിക്കുന്ന ധീരതയും നല്ലൊരു വിഭാഗം വിദ്യാര്‍ഥി ഉപഭോക്താക്കളെ മുന്നില്‍ക്കണ്ടുകൊണ്ടാണ്. കുട്ടികളുടെ സംഘത്തില്‍ ഒരാളെങ്കിലും കഞ്ചാവ് ശീലിച്ച് തുടങ്ങിയാല്‍ മറ്റുള്ളവരും ആ വഴിക്ക് വരും. ഇക്കാരണം കൊണ്ടും ഇവര്‍ക്കായി വലവിരിക്കുന്നത് ഏറെ ആദായകരമാണെന്നാണ് ലോബികളുടെ കണക്കുകൂട്ടല്‍.
ലഹരിക്കടിമപ്പെട്ട വിദ്യാ ര്‍ഥികള്‍ തന്നെയാണ് മറ്റ് കുട്ടികള്‍ക്കിടയില്‍ കഞ്ചാവിന്റെ പരസ്യക്കാരായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം നടത്തിയ 29 റെയ്ഡുകളില്‍ 17 പേരാണ് അറസ്റ്റിലായത്. 17 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.