Connect with us

National

370 ാം വകുപ്പ് പിന്‍വലിക്കല്‍: നിലപാടില്‍ മാറ്റമില്ലെന്ന് വെങ്കയ്യ

Published

|

Last Updated

ഹൈദരാബാദ്: പി ഡി പിയുമായി കൈകോര്‍ത്ത് സര്‍ക്കാറുണ്ടാക്കി എന്നത് കൊണ്ട് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പിന്‍വലിക്കണമെന്ന ബി ജെ പിയുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പി ഡി പിയുമായി കൂട്ടുമന്ത്രിസഭയുണ്ടാക്കുന്ന കാര്യം വന്നപ്പോള്‍ ഇക്കാര്യത്തില്‍ ബിജെപി ഒത്തുതീര്‍പ്പിനൊരുങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഇന്നും നാളെയും അത് അങ്ങനെ തന്നെ തുടരും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പഴയ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മന്ത്രി പറഞ്ഞു.
370 ാം വകുപ്പ് റദ്ദാക്കാന്‍ പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഭരണഘടന ഭേദഗതി ചെയ്യേണ്ട വിഷയമാണ് അത്. പി ഡി പിയുടെ നിലപാട് തങ്ങള്‍ സ്വീകരിക്കേണ്ടതിന്റെയോ തിരിച്ചോ ആവശ്യമില്ലെന്നും നായിഡു പറഞ്ഞു. പരസ്പരം സമ്മതമുള്ള വിഷയങ്ങളിലൂന്നി സംസ്ഥാനത്തെ നയിക്കാന്‍ പി ഡി പി- ബി ജെ പി സഖ്യ സര്‍ക്കാറിന് സാധിക്കും. ഈ നിമിഷം സന്തോഷത്തിന്റെതാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കാശ്മീരില്‍ ബി ജെ പി ഉള്‍പ്പെട്ട ഒരു കൂട്ടുമന്ത്രിസഭ അധികാരമേറ്റിരിക്കുന്നു. ഇപ്പോള്‍ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശക്തി ഇരുപാര്‍ട്ടികള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി, ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കാനായി പൊരുതിയാളായിരുന്നുവെന്ന് നായിഡു അവകാശപ്പെട്ടു.
370ാം വകുപ്പ്, സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) എന്നിവ സംബന്ധിച്ച നിലപാടിലെ വൈരുധ്യമായിരുന്നു ബി ജെ പി- പിഡി പി സഖ്യ സര്‍ക്കാറിന് തടസ്സമായി നിന്നത്. ഇക്കാര്യത്തില്‍ എന്ത് നീക്കുപോക്കാണ് ഇരു പാര്‍ട്ടികളും ഉണ്ടാക്കിയതെന്ന് ഇന്നും വ്യക്തമല്ല.

Latest