Connect with us

National

കള്ളപ്പണ നിയമം: ശക്തരുടെ ശ്രേണിയിലേക്ക് ഇന്ത്യയും

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം തടയാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം നിയമങ്ങളുള്ള സിംഗപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഉയരുകയാണ് ഇന്ത്യ. കള്ളപ്പണം സൂക്ഷിച്ചുവെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവും കടുത്ത പിഴയും നിര്‍ദേശിക്കുന്ന നിയമം ലോകത്തെ ഈയിനത്തിലെ ഏറ്റവും കര്‍ശനമായിരിക്കും. 300 ശതമാനമാണ് പിഴ ചുമത്തുക. തട്ടിപ്പുകാരെ സെറ്റില്‍മെന്റ് കമ്മീഷനെ സമീപിക്കാന്‍ അനുവദിക്കുകയുമില്ല. വിദേശത്തെ സ്വത്ത് സംബന്ധിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയോ ചെയ്ത റിട്ടേണ്‍ അപൂര്‍ണമാണെന്ന് ബോധ്യമാകുകയോ ചെയ്താന്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാമെന്ന് നിര്‍ദിഷ്ട നിയമം വ്യവസ്ഥ ചെയ്യും.
അമേരിക്കയില്‍ നികുതി വെട്ടിപ്പിന് ഒരു വര്‍ഷത്തെ തടവേ വ്യവസ്ഥ ചെയ്യുന്നുള്ളൂ. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഒരു ലക്ഷം യു എസ് ഡോളറാണ് പരമാവധി പിഴ. എന്നാല്‍ നികുതി വെട്ടിപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാല്‍ ശിക്ഷ വര്‍ധിക്കും. ബ്രിട്ടനില്‍ ചുമത്തുന്ന പിഴ വെട്ടിച്ച തുകയുടെ 200 ശതമാനമാണ്. സിംഗപ്പൂരില്‍ പിഴ പരമാവധി 50,000 സിംഗപ്പൂര്‍ ഡോളറും ജയില്‍ ശിക്ഷ പരമാവധി അഞ്ച് വര്‍ഷവുമാണ്.
ആഭ്യന്തര കള്ളപ്പണം അവസാനിപ്പിക്കാന്‍ ബിനാമി ഇടപാട് തടയല്‍ നിയമം കൊണ്ടു വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും പ്രോസിക്യൂഷന്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. വിദേശവിനിമയ നിയമം (ഫെമ-1999) കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു ലക്ഷത്തിന് മേലെയുള്ള ഏതൊരു ധനമിടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

അവസാന അവസരമൊരുക്കി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണ സൂക്ഷിച്ചവര്‍ക്ക് വിദേശ ബേങ്ക് അക്കൗണ്ടും സ്വത്തും വെളിപ്പെടുത്താനും ജയില്‍ ശിക്ഷ ഒഴിവാക്കാനും അവസാന അവസരം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്തെ സ്വത്ത് മറച്ചുവെക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവും വരുമാനം മറച്ചുവെക്കുന്നവര്‍ക്കും ആദായ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ കഠിന ശിക്ഷ ലഭിക്കുമെന്നും ധനസഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
കള്ളപ്പണ പ്രതിസന്ധി തടയാന്‍ പാര്‍ലിമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. കള്ളപ്പണക്കാര്‍ക്ക് ഒരു പൊതുമാപ്പ് സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെയെന്ന ആക്ഷേപങ്ങളെ ധനസഹമന്ത്രി തള്ളിക്കളഞ്ഞു. ഇത് പൊതുമാപ്പ് സംവിധാനം അല്ല. സ്വത്തും അക്കൗണ്ടുകളും വെളിപ്പെടുത്താത്ത എല്ലാവരെയും പ്രതീക്ഷിക്കുകയാണെന്ന് വ്യക്തമായി പറയുന്നു. രാജ്യത്തിന് പുറത്ത് സ്വത്തും അക്കൗണ്ടും ഉള്ളവര്‍ അവ വെളിപ്പെടുത്തണം. അതിന് ഒരു ഏകജാലക സംവിധാനം ഒരുക്കുകയാണ് തങ്ങള്‍. പൊതുമാപ്പ് അല്ലേയല്ല. നിങ്ങള്‍ക്കുള്ളത് വെളിപ്പെടുത്തണം. അതിന് പര്യാപ്തമായ സമയം അനുവദിക്കും. അല്ലാത്ത പക്ഷം കര്‍ശന തടവ് ശിക്ഷക്ക് വിധേയരാകേണ്ടി വരും. ആദായ നികുതി റിട്ടേണിന് വിദേശത്ത് അക്കൗണ്ട് തുറന്ന തീയതി ഇത്തരക്കാര്‍ വെളിപ്പെടുത്തണം. മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest