ഇറാന്‍ ആണവ കരാര്‍: ഇസ്‌റാഈല്‍ പ്രധാനമന്ത്രി വാഷിംഗ്ടണില്‍

Posted on: March 2, 2015 12:35 am | Last updated: March 2, 2015 at 11:36 am
SHARE

ജറുസലം: ഇറാന്‍ ആണവ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിംഗ്ടണിലെത്തി. ഇറാനുമായി ആണവ കരാറിലെത്തുന്നത് തടയുക എന്ന ഗൂഢലക്ഷ്യവുമായാണ് നെതന്യാഹു അമേരിക്കയിലെത്തിയിരിക്കുന്നത് വിദഗ്ധര്‍ വിലയിരുത്തുന്നു. സന്ദര്‍ശനത്തെ ചരിത്രപരമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ, നെതന്യാഹു യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യും. നേരത്തെ ഇറാന്‍ വിഷയത്തില്‍ അമേരിക്കയും ഇസ്‌റാഈലും കൊമ്പുകോര്‍ത്തിരുന്നു. ഇറാന്‍ ആണവ വിഷയത്തില്‍ ഇസ്‌റാഈലിന് തെറ്റുപറ്റിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തുറന്നടിച്ചു. ഈ സംഭവം രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യത്തിന് വഴിവെച്ചിരുന്നു. ഇസ്‌റാഈല്‍ ജനതയുടെ സംരക്ഷണത്തില്‍ ആശങ്കയുണ്ടെന്നും തന്റെ ഈ യാത്ര ചരിത്രപരമായിരിക്കുമെന്നും ടെല്‍അവീവില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.