ഹമാസിനെതിരെ ഈജിപ്ഷ്യന്‍ കോടതി വിധി: ഗാസയില്‍ പ്രതിഷേധം

Posted on: March 2, 2015 6:32 am | Last updated: March 2, 2015 at 11:35 am
SHARE

HAMAS-PROTESTഗാസ സിറ്റി: ഹമാസിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ച ഈജിപ്ത് കോടതിയുടെ നടപടിക്കെതിരെ ഗാസയില്‍ ആയിരങ്ങല്‍ പ്രതിഷേധ പ്രകടനം നടത്തി. അബ്ദുല്‍ഫത്താഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഗാസ സിറ്റിയിലും ഫലസ്തീനികള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പുകളിലും പ്രതിഷേധം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈജിപ്ത് കോടതിയുടെ കണ്ടെത്തല്‍ അപകടകരമാണെന്നും ഫലസ്തീനിലെ ജനങ്ങളെയും ഇവരുടെ പ്രതിരോധ സമരങ്ങളെയും ലക്ഷ്യം വെച്ചാണെന്നും ഹമാസ് വക്താവ് സാമി അബൂ സുഹ്‌രി കുറ്റപ്പെടുത്തി.
ഭീകരവാദ സംഘടനകളാണെന്ന് തിരിച്ചറിയുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അനുമതി നല്‍കുന്ന പുതിയ നിയമം ഈജിപ്ത് പാസ്സാക്കിയ ഉടനെയാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. 2013ല്‍ ബ്രദര്‍ഹുഡ് നേതാവായ മുര്‍സിയെ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പുറത്താക്കി സീസി അധികാരം സ്ഥാപിച്ചതോടെ ഹമാസ് ഈജിപ്തുമായി അകന്നുകൊണ്ടിരിക്കുകയാണ്. ബ്രദര്‍ഹുഡിനെ 2013ല്‍ തന്നെ ഈജിപ്ത് സര്‍ക്കാര്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.