ബഗ്ദാദില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 37 മരണം

Posted on: March 2, 2015 12:31 am | Last updated: March 2, 2015 at 11:32 am
SHARE

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി 37 പേര്‍ കൊല്ലപ്പെട്ടു. പൊതുസ്ഥലങ്ങളെയും ശിയാ സൈനിക ചെക്‌പോയിന്റുകളെയും ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടന്നത്. ബഗ്ദാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ബലാദ് റൂസിലാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷം സമാറക്കടുത്ത് ശിയാ സൈനിക ചെക്‌പോയിന്റിന് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടന വസ്തുക്കളുമായി എത്തിയ രണ്ട് കാറുകള്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിന് പുറമെ പടിഞ്ഞാറന്‍ ബഗ്ദാദില്‍ നടന്ന ആക്രമണത്തില്‍ നാല് പേരും അബൂ ദാശിറില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു. വടക്കന്‍ ബഗ്ദാദിലും പടിഞ്ഞാറന്‍ ബഗ്ദാദിലും അടുത്തിടെ വ്യാപകമായി ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണ് എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല.
സംഭവത്തെ പ്രധാനമന്ത്രി അല്‍അബ്ബാദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറാഖ് സംസ്‌കാരത്തെയും ഇവിടുത്തെ മനുഷ്യസമൂഹത്തെയും നശിപ്പിക്കാനാണ് തീവ്രവാദികള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവരെ ചെറുത്തു തോല്‍പ്പിക്കുമെന്നും അല്‍ അബ്ബാദി ചൂണ്ടിക്കാട്ടി.