പ്രതിപക്ഷ നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മോസ്‌കോയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി

Posted on: March 2, 2015 11:30 am | Last updated: March 2, 2015 at 10:30 pm
SHARE

RUSSIA-RALLYമോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മോസ്‌കോയില്‍ പതിനായിരങ്ങള്‍ റാലി നടത്തി. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് വിമര്‍ശിക്കാന്‍ അവസരമുണ്ടാക്കുന്ന ഗൂഢനീക്കമാണ് കൊലപാതകമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ബോറിസ് നെംത്സോവ് കൊല്ലപ്പെട്ട സ്ഥലത്ത് അദ്ദേഹത്തിന് പുഷ്പങ്ങളര്‍പ്പിച്ച് പതിനായിരങ്ങളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ വ്യത്യസ്തമായ വഴികളില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. തീവ്രവാദികള്‍ കൊലപ്പെടുത്തിയാകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. അതോടൊപ്പം, പ്രതിപക്ഷത്തിന് സര്‍ക്കാറിന് മേല്‍ ആഞ്ഞടിക്കാന്‍ അവര്‍ തന്നെ ചെയ്ത ആസൂത്രിത കൊലപാതകമാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പ്രതിയോഗികള്‍ ഇതിന് മുമ്പും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിമര്‍ശകരുടെ ആരോപണം. 2013 മാര്‍ച്ചില്‍ 67കാരനായ, പുടിന്റെ കടുത്ത വിമര്‍ശകന്‍ ബോറിസ് ബേരേസോവ്‌സ്‌കിയെ ബ്രിട്ടനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് 2006 ഒക്‌ടോബറില്‍ അന്നാ പോളിറ്റ്‌കോവ്‌സ്‌കായ എന്ന മാധ്യമപ്രവര്‍ത്തകനെ മോസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.
ബോറിസ് നെംത്സോവിന്റെ കൊലപാതകികളെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ ഹാജരാക്കുമെന്ന് വഌദിമിര്‍ പുടിന്‍ ഇദ്ദേഹത്തിന്റെ മാതാവിന് ടെലഗ്രാം അയച്ചതായി ക്രെംലിനിലെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടി.

 

RUSSIA-RALLY-2