ഐ ഐ ടി: ആശങ്കക്ക് അടിസ്ഥാനമില്ല: എം ബി രാജേഷ് എം പി

Posted on: March 2, 2015 11:15 am | Last updated: March 2, 2015 at 11:15 am
SHARE

പാലക്കാട്: ഐ ഐ ടി സംബന്ധിച്ച് യാതൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്ന് എം ബി രാജേഷ് എം പി. ബജറ്റില്‍ ഐ ഐ ടിക്ക് തുക നീക്കിവെച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രസ്താവനകളേയും തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ ആശങ്കക്കുഴപ്പമുണ്ടായിട്ടുണ്ട്.ബജറ്റ് പ്രസംഗത്തില്‍ വീണ്ടും ഐ ഐ ടിയെക്കുറിച്ച് പരാമര്‍ശിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ ബജറ്റില്‍ പാലക്കാടിനൊപ്പം പ്രഖ്യാപിച്ച മറ്റ് ഐ ടി ഐകളുടെയും കാര്യം ഇത്തവണത്തെ ബജറ്റില്‍ പ്രത്യേകം പറഞ്ഞിട്ടില്ല. എന്നാല്‍ ബജറ്റ് രേഖകളില്‍ പാലക്കാട് ഉള്‍പ്പെടെ കഴിഞ്ഞ തവണ പുതുതായി പ്രഖ്യാപിച്ച അഞ്ച് ഐ ഐ ടികളും സ്ഥാപിക്കാനുള്ള നടപടി പുരോഗമിച്ച് വരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഐ ഐ ടികള്‍ സംബന്ധിച്ച് ക്യാബിനറ്റ് നോട്ടിന് അന്തിമരൂപമായി കഴിഞ്ഞുവെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഐ ഐ ടികള്‍ക്കെല്ലാമായി 3500 ലേറെ കോടി രൂപയുടെ വകയിരുത്തലും ബജറ്റിലുണ്ട്. അതിനാല്‍ വീണ്ടും പ്രത്യേകം പറഞ്ഞില്ലെന്നത് കൊണ്ട് ഐ ഐ ടി പാലക്കാടിന് നഷ്ടപ്പെട്ടുവെന്ന് അര്‍ഥമില്ലെന്നും എം ബി രാജേഷ് എം പി ചൂണ്ടിക്കാട്ടി. ഐ ഐ ടി സ്ഥാപിക്കാനുള്ള നടപടി അധിവേഗം പൂരോഗമിക്കുന്നുവെന്ന് മാത്രമല്ല, ഈ അധ്യയനവര്‍ഷം തന്നെ താല്‍ക്കാലിക ക്ലാസുകള്‍ തുടങ്ങാനും കഴിയും. ഈ കാര്യത്തില്‍ രണ്ട് ദിവസം മുമ്പ് കേന്ദ്രമാനവ വി’വശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ കണ്ട് ചര്‍ച്ച നടത്തുകയും ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് എം പി പത്രക്കുറിപ്പില്‍ അറിയിച്ചു.