Connect with us

Palakkad

സര്‍ജന്‍ ഇല്ല: ജില്ലാ ആശുപത്രിയില്‍ ദുരിതം

Published

|

Last Updated

പാലക്കാട്:ജില്ലാആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തത് ദുരിതമാകുന്നു.”ഇത് മൂലം സ്വാഭാവിക മരണങ്ങള്‍ക്ക് പോലും പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹവും കൊണ്ട് ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു പോകേണ്ട സ്ഥിതിയാണിപ്പോള്‍. ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ ജനപ്രതിനിധികളും ബന്ധുക്കളും കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചും നടപടി ഉണ്ടായിട്ടില്ല. രോഗം ബാധിച്ചു ചികിത്സയിലിരിക്കുന്ന വ്യക്തി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചാല്‍ പോലും പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെടുന്ന രീതിയാണ് ഉള്ളത്.
മരണത്തില്‍ യാതൊരു സംശയവും ഇല്ലാത്ത സംഭവങ്ങളില്‍ കൂടി ഇത്തരത്തിലുള്ള നടപടികള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി. ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ നടപടിച്ചട്ടം 174 പ്രകാരം പോസ്റ്റുമോര്‍ട്ടം വേണോ, വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം അതാതു പൊലീസ് ഉദ്യോഗസ്ഥനാണ്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാല്‍ ആ വിവരം പോലീസിനെ അറിയിക്കേണ്ടത് ഡ്യൂട്ടി ഡോക്ടറുടെ ഉത്തരവാദിത്തമാണ്. തുടര്‍ന്നു മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും.
പോലീസ് എത്തി അഞ്ചുപേരെ സാക്ഷികളാക്കി ഇന്‍ക്വസ്റ്റ് തയാറാക്കി ബന്ധുക്കളുടെ മൊഴികള്‍ രേഖപ്പെടുത്തി മറ്റു സംശയങ്ങളൊന്നും ഇല്ലെങ്കില്‍ മൃതദേഹം വിട്ടുനല്‍കാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം ആവശ്യമെങ്കില്‍ അത് ജില്ലാ ആശുപത്രിയില്‍ തന്നെ ചെയ്തുനല്‍കാന്‍ സംവിധാനം വേണമെന്നാണ് ആവശ്യം. സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടത്തിന് ഇതര ഡോക്ടര്‍മാരും മടിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ രണ്ടു ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു ടീം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ജില്ലാ ആശുപത്രിയില്‍ നിന്നു തന്നെ വിട്ടുനല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ആശുപത്രിയില്‍ മാത്രം മാസത്തില്‍ ആറും ഏഴും കേസുകള്‍ ഇതേ രീതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താറുണ്ട്.
കേസ് സംബന്ധമായ ജോലികളുടെ ഭാഗമായിപോലീസ് സര്‍ജന്‍ മാസത്തില്‍ 10,12 ദിവസം ആശുപത്രിക്കുപുറത്തായിരിക്കും.

Latest