Connect with us

Wayanad

രാത്രിയാത്ര നിരോധം: കര്‍ണാടക തൊഴിലാളികളുടെ തൊഴിലവസരം കുറയുന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിനെതിരെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ദേശീയപാത കര്‍ണാടക സ്വദേശികളായ തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. നിരോധനം കാരണം രാത്രികാലങ്ങളില്‍ ബന്ധുക്കള്‍ മരണപെട്ടവിവരം അറിഞ്ഞാല്‍ നാട്ടില്‍ പോകാന്‍ കഴിയുന്നില്ലെന്നും രാത്രിയാത്രാ നിരോധനം വയനാടിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചതിനാല്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതായും കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികള്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. ഇതിനു പുറമെ കര്‍ണാടകയിലെ കാര്‍ഷിക മേഖലയേയും യാത്രനിരോധനം ബാധിച്ചതായും അവിടങ്ങളില്‍ തൊഴില്‍ കുറഞ്ഞത് വയനാടിതര സ്ഥലങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നതായും തൊഴിലാളികള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ രാത്രിയാത്ര നിരോധന വിഷയത്തില്‍ വയനാട്ടുകാരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ണാടക തൊഴിലാളികള്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ഗതാഗത നിരോധനത്തിനെതിരെ കര്‍ണാടകയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളും ചെക്‌പോസ്റ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരങ്ങളും സംഘടിപ്പിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമായി. കണ്‍വെന്‍ഷന്‍ നീലഗിരി വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. ശിവകുമാര്‍, പി.വൈ. മത്തായി, അനില്‍ ജയ, ഹാരിസ്, പ്രഭാകരന്‍ നായര്‍, അബ്ദു, അനില്‍ എസ്. നായര്‍, കെ. ആരിഫ്, ടി.ടി. ലൂക്കോസ്, ഷബീര്‍ അഹമ്മദ്, സി. മുഷ്താക്ക്, ഒ.പി. അച്യുതപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.