Connect with us

Wayanad

അനധികൃത പാര്‍ക്കിംഗ്; മീനങ്ങാടിയില്‍ ഗതാഗത സ്തംഭനം പതിവാകുന്നു

Published

|

Last Updated

മീനങ്ങാടി: മീനങ്ങാടി ടൗണിലെ തിരക്കേറിയ ഗതാഗത സംവിധാനം ക്രമപ്പെടുത്തുന്നതിനായി രൂപീകരിച്ച ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനം നടപ്പായില്ല. ദേശീയപാത കടന്നുപോകുന്ന മീനങ്ങാടി ടൗണിന്റെ ഇരുഭാഗത്തും യാതൊരു നിയന്ത്രണവും പാലിക്കാതെ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതതടസത്തിന് കാരണമാകുന്നതെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ യോഗം ആരോപിച്ചു. വൈകുന്നേരങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കാത്തവിധം റോഡിനിരുവശത്തും ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും അനധികൃത പാര്‍ക്കിംഗ് മൂലം ആംബുലന്‍സുകള്‍ പോലും കുരുക്കിലകപ്പെടുന്നത് പതിവാണ്. പഞ്ചായത്തും പോലീസും വ്യാപാരി പ്രതിനിധികളും മോട്ടോര്‍ യൂണിയന്‍ പ്രതിനിധികളുമടങ്ങുന്നതാണ് ട്രാഫിക് അഡൈ്വസറി കമ്മിറ്റി. എല്ലാമാസവും കമ്മിറ്റി കൂടി തീരുമാനമെടുത്ത് പിരിയുമെന്നല്ലാതെ തീരുമാനങ്ങള്‍ നടപ്പിലാകാറില്ല.
ആവശ്യമായ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ നിയമം പാലിക്കുന്നുണ്ടോയെന്നൊന്നും നോക്കാന്‍ ആരും തയാറാകുന്നില്ല. ടൗണിലെ ഏറ്റവും ശ്രദ്ധ പതിയേണ്ട ട്രാഫിക് പോയിന്റായ സ്‌കൂള്‍ ജംങ്ഷനിലെ സീബ്രാലൈന്‍ മാഞ്ഞ അവസ്ഥയിലാണ്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ആയൂര്‍വേദ ആശുപത്രി, മൃഗാശുപത്രി, കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ യഥാവിധി പ്രകാരം കാണാത്തതിനാല്‍ സ്വകാര്യവാഹനങ്ങള്‍ മണിക്കൂറോളം റോഡില്‍ കിടക്കുന്ന അവസ്ഥയുമുണ്ട്. ടൗണില്‍ മാനന്തവാടി റോഡ് ജംഗ്ഷനില്‍ ബസുകള്‍ നിര്‍ത്തിയിരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന് മുമ്പിലെ സ്റ്റാന്‍ഡ് മേയോ ബാറിന് മുന്നിലേക്ക് മാറ്റിയതും പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചിലരുടെ സ്ഥാപിതതാല്‍പര്യമാണ് ബസ്റ്റോപ്പ് മാറ്റാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഈ ഭാഗത്ത് ഫുട്പാത്തിന്റെ ഉയരവും കടക്കാരുടെ ശല്യവും ബാറില്‍ നിന്നിറങ്ങുന്ന മദ്യപരുടെ ശല്യവും പതിവാണ്. ഇത് ബസ് കാത്ത് നില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് ദുരിതമാവുന്നു. ടൗണിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) ആവശ്യപ്പെട്ടു. എം.എ. അയൂബ് ഉദ്ഘാടനം ചെയ്തു. ഒ.ടി. മുജീബ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുള്ള, ഒ.ടി. സലീം, എം. സുബിന്‍, ഷെമില്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest