ഈട്ടി മരങ്ങള്‍ മുറിച്ചുനീക്കിയ സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല

Posted on: March 2, 2015 11:04 am | Last updated: March 2, 2015 at 11:04 am
SHARE

മാനന്തവാടി: കോടികള്‍ വിലവരുന്ന വീട്ടിമരങ്ങള്‍ മുറിച്ചുനീക്കിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നു വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. അന്വേഷണത്തിനു സഹായം ആവശ്യപ്പെട്ട് വനംവകുപ്പ് റവന്യൂ വകുപ്പിന് നല്‍കിയ കത്തിനും ഇതുവരെ പ്രതികരണം ലഭിച്ചില്ല.
2012 മാര്‍ച്ചില്‍ തവിഞ്ഞാല്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 68/1ബിയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ, വനംവകുപ്പ് റിസര്‍വ് ചെയ്ത 3,000ത്തോളം വീട്ടിമരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഫയലില്‍ ഉറങ്ങുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫഌയിങ് സ്‌ക്വാഡ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പരിശോധന നടത്തുകയായിരുന്നു. മൂന്നു വന്‍മരങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് തോട്ടം ഉടമയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 150 ഏക്കര്‍ വരുന്ന തോട്ടത്തില്‍ വലുതും ചെറുതുമായി മൂവായിരത്തോളം വീട്ടിമരങ്ങള്‍ വനംവകുപ്പ് റിസര്‍വ് ചെയ്തിരുന്നു. ഇവയെല്ലാം തോട്ടത്തില്‍ നിന്നു മുറിച്ചുമാറ്റപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തി.
കേസെടുത്ത ബേഗൂര്‍ റേഞ്ച് ഓഫിസര്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് ഡി.എഫ്.ഒയ്ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് നഷ്ടപ്പെട്ട വീട്ടിമരങ്ങള്‍ കണ്ടെത്തുന്നതിന് റവന്യൂവകുപ്പിന്റെ സഹായം ആവശ്യപ്പെട്ട് മാനന്തവാടി സബ് കലക്ടര്‍ക്ക് കത്ത് നല്‍കിയത്. പുതിയിടം ഭാഗത്തെ സ്വകാര്യസ്ഥലത്ത് മുറിച്ചിട്ട നിലയില്‍ മൂന്നു കുറ്റി വീട്ടിമരങ്ങള്‍ കണ്ടെത്തിയതായും ഇവിടെ റിസര്‍വ് ചെയ്തിരുന്ന മൂവായിരത്തോളം വീട്ടി മരങ്ങള്‍ മുറിച്ചുമാറ്റിയതായും മുറിച്ചുമാറ്റിയ മരങ്ങള്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിട്ടുണ്ടാവാം എന്നതിനാല്‍ വിശദമായി പരിശോധിക്കുന്നതിന് റവന്യൂവകുപ്പിന്റെ സഹായം വേണമെന്നുമായിരുന്നു മാര്‍ച്ച് 13ന് സബ് കലക്ടര്‍ക്ക് വളരെ അടിയന്തരമെന്നു സൂചിപ്പിച്ച് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.അന്നു മരംകണ്ടെടുത്ത കേസില്‍ തോട്ടം ഉടമയ്‌ക്കെതിരേ കേസെടുത്ത് കോടതിയില്‍ നല്‍കിയെങ്കിലും നഷ്ടപ്പെട്ട വീട്ടിമരങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നടപടികളുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരിനു ലഭിക്കേണ്ട രണ്ടു കോടിയിലധികം വിലവരുന്ന മരങ്ങളാണ് വനംകൊള്ളക്കാര്‍ രാഷ്ട്രീയ സ്വാധീനത്തോടെ മുറിച്ചുവിറ്റത്.