Connect with us

Kozhikode

വേനല്‍ച്ചൂട് കൂടി; ശീതളപാനീയ വില്‍പ്പനയും

Published

|

Last Updated

കോഴിക്കോട്: വേനല്‍ ചൂട് ശക്തമായതോടെ നഗരത്തില്‍ ശീതളപാനീയ വിപണിയും സജീവമായി. കൂടുതല്‍ പേരും കുത്തക കമ്പനികളുടെ ശീതളപാനീയങ്ങള്‍ ഒഴിവാക്കി തദ്ദേശീയ ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞതോടെ പഴങ്ങളുടെ വിലയിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. വേനല്‍ ചൂടേറിയത് ഏറ്റവും ഗുണം ചെയ്യുന്നത് നഗരത്തിലെ കൂള്‍ബാറുകള്‍ക്കും വഴിയോരത്ത് ശീതളപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കുമാണ്. അന്യ സംസ്ഥാനത്തു നിന്നും എത്തിയിരിക്കുന്നവരാണ് വഴിയോര കച്ചവടത്തെ സജീവമാക്കുന്നത്. മുസമ്പിയും തണ്ണിമത്തനും കരിമ്പിന്‍ ജ്യൂസുമൊക്കെയാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഇളനീരിനും ആവശ്യക്കാരേറെയാണ്. പാര്‍ശ്വഫലമുണ്ടാകില്ലെന്ന വിശ്വാസമാണ് ജനങ്ങളെ എന്തു വിലകൊടുത്തും തദ്ദേശീയ ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടൂതലായി യാത്രക്കാര്‍ എത്തിച്ചേരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വഴിയോര കച്ചവടക്കാര്‍ തമ്പടിച്ചിരിക്കുന്നത്.
ഒരു ഗ്ലാസ് ഇളനീര്‍ ജ്യൂസിന് 25 രൂപയും ഇളനീര്‍ സോഡക്ക് 15 രൂപയുമാണ് വില. ഇളനീരിന്റെ 90 ശതമാനവും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ഇളനീര്‍ ഉത്പന്നങ്ങള്‍ക്ക് മാത്രമായി നഗരത്തില്‍ അനേകം പാര്‍ലറുകളാണുള്ളത്. ദേശീയ പാതയോരത്തും പ്രധാന റോഡുകള്‍ക്ക് ഇരുവശവും താത്കാലിക കരിമ്പിന്‍ ജ്യൂസ് പാര്‍ലറുകളും സജീവമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നെത്തുന്ന കരിമ്പ് പിഴിഞ്ഞു ജ്യൂസാക്കാന്‍ ദേശീയപാതയുടെ ഓരങ്ങളില്‍ യന്ത്രങ്ങളും റെഡി. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ വാടകക്കെടുത്താണ് വില്‍പ്പന. തണ്ണിമത്തനും തണ്ണിമത്തന്‍ ജ്യൂസിനും ആവശ്യക്കാരേറെ. ഒരു ഗ്ലാസിന് 15 രൂപക്ക് തണ്ണിമത്തന്‍ ജ്യൂസ് ലഭിക്കുമ്പോള്‍ മുറിച്ചു വെച്ച തണ്ണിമത്തന് എട്ട് രൂപയാണ് വില.
ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ വാട്ടര്‍ പ്യൂരിഫെയര്‍ വരെ സ്ഥാനം പിടിച്ചിട്ടുണ്ട്. ലൈം ജ്യൂസ്, മില്‍ക്ക് സര്‍ബത്ത്, സോഡ, ലൈം സോഡ തുടങ്ങിയ പരമ്പരാഗത പാനീയങ്ങള്‍ക്കും ഡിമാന്റ് കുറഞ്ഞിട്ടില്ല. പ്രമുഖ കമ്പനികളുടെ സോഫ്റ്റ് ഡ്രിംഗ്‌സുകള്‍ പല പേരുകളില്‍ വിപണിയിലുണ്ട്. മിനറല്‍ വാട്ടര്‍ വിപണനവും ഇരട്ടിയായിട്ടുണ്ട്. 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടറിനു വില. നഗരത്തിന്റെ വിവിധ കോണുകളില്‍ സജീവമായി കച്ചവടം ചെയ്യപ്പെടുന്ന തണ്ണിമത്തന്‍ ജ്യൂസും കരിമ്പിന്‍ ജ്യൂസും വാങ്ങി കുടിക്കുമ്പോള്‍ അവയുടെ ഗുണമേയെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ശുദ്ധമായ പാനീയങ്ങളല്ല ലഭ്യമാകുന്നതെങ്കില്‍ മഞ്ഞപ്പിത്തം, കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പകരാന്‍ കാരണമായേക്കാം. കുടിവെള്ളത്തിന്റെ കച്ചവടം തകൃതിയായി നടക്കുമ്പോള്‍ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഫലപ്രദമായ പരിശോധന നടക്കുന്നില്ലെന്ന ആരോപണവും ശക്തമാകുന്നു. പല സ്ഥലങ്ങളിലും പഴയ ബോട്ടിലില്‍ തന്നെ വെള്ളം നിറച്ച് റീ ബോട്ടില്‍ ചെയ്ത് വീണ്ടും വില്‍പ്പനക്ക് വെക്കുന്നതായാണ് ആരോപണം. മറ്റു പാനീയങ്ങളേക്കാളും താരതമ്യേന നല്ലത് മിനറല്‍ വാട്ടറാണെന്നാണ് ജനത്തിന്റെ ധാരണ. കൂടാതെ യാത്രക്കാരും കൂടൂതല്‍ ആശ്രയിക്കുന്നത് മിനറല്‍ വാട്ടറിനെയാണ്. തുറസ്സായ സ്ഥലത്തു നിന്നും ഭക്ഷണം കഴിക്കുന്നത് ഒരു കുറച്ചിലായി കണക്കാക്കിയിരുന്ന മലയാളിയില്‍ നിന്നും ഏറെ മാറിയിരിക്കുന്നു പഴയ തലമുറയും പുതുതലമുറയും. അതുകൊണ്ട് തന്നെയാണ് കൂള്‍ബാറുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ വഴിയോര കച്ചവടക്കാര്‍ക്കരികില്‍ എത്തുന്നത്.

Latest