നാലര കിലോ കഞ്ചാവുമായി മൊത്ത വില്‍പ്പനക്കാരന്‍ പിടിയില്‍

Posted on: March 2, 2015 10:58 am | Last updated: March 2, 2015 at 10:58 am
SHARE

ഫറോക്ക്: രാമനാട്ടുകര, ഫറോക്ക് ഭാഗത്ത് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചു നല്‍കുന്നവരില്‍ പ്രധാനി എക്‌സൈസിന്റെ പിടിയിലായി. മഞ്ചേരി സ്വദേശി പൂഴിക്കുത്ത് അബ്ദുല്‍ ലത്വീഫ് (40) ആണ് നാലര കിലോ കഞ്ചാവുമായി പിടിയിലായത്.
കുറച്ചു ദിവസങ്ങളായി ഫറോക്ക് ഷാഡോ എക്‌സൈസിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും നിരീക്ഷണത്തിലായിരുന്ന ഇയാള്‍. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഫറോക്ക് റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് നിന്നും കഞ്ചാവുമായി ബൈക്കില്‍ വരുന്നതിനിടയില്‍ ഫറോക്ക് സബ്ട്രഷറിക്കടുത്ത് വെച്ച് എക്‌സൈസ് സംഘം കൈകാണിക്കുകയായിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോകുന്നതിനടിയില്‍ ബൈക്ക് ഓഫാകുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന കഞ്ചാവ് നിറച്ച രണ്ട് പ്ലാസ്റ്റിക്ക് കവറുകള്‍ ബൈക്കിന്റെ ടാങ്ക് കവറില്‍ നിന്നും പ്രതിയുടെ ബനിയിനുള്ളില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു. ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെകടര്‍ സി കെ മനോഹരന്‍, ഐ ബി പ്രജിത്ത്, അസിസ്റ്റന്റ് ഇന്‍സപെക്ടര്‍ സലീല്‍ എന്‍, ഹരീഷ്‌കുമാര്‍ കെപി, കെ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫറോക്ക്, രാമനാട്ടുകര ഭാഗത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിയിലായ അബ്ദുല്‍ ലത്വീഫ്. കമ്പം, തേനി, ആന്ധ്രയിലെ ധ്വനി എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ഫറോക്ക് പഴയ പാലം, ആളൊഴിഞ്ഞ റെയില്‍വേ ഷെഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറിയിരുന്നത്.
ഒരു മാസത്തിനിടയില്‍ ഫറോക്കും പരിസരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വില്‍പ്പനക്കെത്തിയ അര ഡസനോളം പേരെ പോലീസും എക്‌സൈസും പിടികൂടിയിട്ടുണ്ട്.