Connect with us

Kozhikode

മൊക്കത്ത് കടവ് പാലം: കാത്തിരിപ്പ് നീളുന്നു

Published

|

Last Updated

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിലെ പുള്ളിക്കോത്ത് ഗ്രാമത്തെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എടപ്പടത്തില്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പൂനൂര്‍ പുഴയിലെ മൊക്കത്ത് കടവ് പാലം യാഥാര്‍ഥ്യമായില്ല. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളി പരിഗണിച്ച് 2010ല്‍ അഡ്വ. പി ടി എ റഹിം എം എല്‍ എ അന്നത്തെ സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 2010 ലെ ബഡ്ജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് പാലം നിര്‍മാണത്തിനായി നാല്‍പത് ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2011 ഫെബ്രുവരി 28ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീം പാലത്തിന്റെ ശിലാസ്ഥാപനവും നടത്തി. നാല് വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തിയൊന്നും ആരംഭിച്ചിട്ടില്ല. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ പഴയ തുക പാലം നിര്‍മാണത്തിന് തികയില്ലെന്നതിനാല്‍ റീ എസ്റ്റേറ്റ് തയാറാക്കി ഒരു കോടിയിലേറെ രൂപക്ക് പദ്ധതി തയാറാക്കി അനുമതി വാങ്ങുകയും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. പുള്ളിക്കോത്ത് പ്രദേശത്തെ ജനങ്ങള്‍ക്ക് വര്‍ഷക്കാലത്ത് പൂനൂര്‍ പുഴ നിറഞ്ഞു കവിയുമ്പോള്‍ മറുകര പറ്റി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലവുമായും ദേശീയപാത 212മായും ബന്ധപ്പെടാന്‍ മൊക്കത്ത്കടവ് പാലം ഏറെ സഹായകരമാകും.