അജയ്യം, സമര്‍പ്പിതം

Posted on: March 2, 2015 10:44 am | Last updated: March 2, 2015 at 2:16 pm
SHARE

IMG_2386

കോട്ടക്കല്‍: ഇരമ്പിയാര്‍ത്തുവന്ന ജനമുന്നേറ്റത്തില്‍ ചരിത്രത്തിന് പുതുയുഗ പിറവി. സംഘശക്തി മഹാപ്രവാഹമായ സായാഹ്നത്തില്‍ എസ് വൈ എസ് ഒരിക്കല്‍ കൂടി ജയിച്ചടക്കി. നാല് ദിവസമായി താജുല്‍ ഉലമാ നഗറില്‍ നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. ആദര്‍ശത്തില്‍ നിന്ന് പകര്‍ന്ന അഗ്നിയില്‍ നിന്ന് ജനലക്ഷങ്ങള്‍ വിപ്ലവത്തിന്റെ പുതിയ ജ്വാലകള്‍ തീര്‍ത്തു. ഈ മുസ്‌ലിം മുന്നേറ്റം കരുത്തിന്റെ വിളംബരമായിരുന്നു, തടസ്സവാദകര്‍ക്കുള്ള താക്കീതായിരുന്നു, ഇനിയും സംശയിക്കുന്നവരുടെ കണ്‍തുറപ്പിക്കലായിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറത്തേക്കാണ് ജനം കുത്തിയൊഴുകിയെത്തിയത്. ജനബാഹുല്യത്തിന്റെ വീര്‍പ്പുമുട്ടലില്‍ താജുല്‍ ഉലമാ നഗറിന്റെ വ്യാപ്തി ദേശീയപാതയിലേക്ക് കിലോമീറ്ററുകള്‍ നീണ്ടു. സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ നഗരി നിറഞ്ഞു.

അഞ്ച് മണിയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സാദാത്തുക്കളും പണ്ഡിതമഹത്തുക്കളും സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച വേദിയില്‍ ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രമുഖരും അണിനിരന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസിന് കീഴില്‍ ആരംഭിച്ച ഇസ്‌ലാമിക് മീഡിയ മിഷന്‍ ഓണ്‍ലൈന്‍ ടി വി ലോഞ്ചിംഗും കാന്തപുരം നിര്‍വഹിച്ചു. ജി സി സിയില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന്റെ ഈ വര്‍ഷത്തെ മഖ്ദൂം അവാര്‍ഡ് കാന്തപുരത്തിന് സമ്മാനിച്ചു.
കുവൈത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശൈഖ് സയ്യിദ് മുഹമ്മദ് യൂസുഫ് അല്‍ രിഫാഈ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് അല്‍ ഖുറശി (കുവൈത്ത്), ഹിശാം അല്‍ ശഹീന്‍ (കുവൈത്ത്), ശൈഖ് ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ കാഫ് (സഊദി അറേബ്യ), സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ശാഹി (യു എ ഇ), ശൈഖ് മഹ്മൂദ് കറൈശാന്‍ (കുവൈത്ത്), ശൈഖ് അബ്ദുല്ല അലി ബിന്‍ കമീസ് (യമന്‍), കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സാബിര്‍ അലി (എം പി), അലികുഞ്ഞിമുസ്‌ലിയാര്‍ ശിരിയ, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹിം, മജീദ് കക്കാട് പ്രസംഗിച്ചു.
സര്‍വതല സ്പര്‍ശിയായ നാല് ദിവസത്തെ സമ്മേളനത്തിന്റെ പരിസമാപ്തിയായിരുന്നു അന്തരാഷ്ട്ര മുസ്‌ലിം സമ്മേളനം. പ്രതിനിധി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രൊഫഷനല്‍ കോണ്‍ഫറന്‍സ്, വ്യാപാരി വ്യവസായി സമ്മേളനം, പ്രവാസി സമ്മേളനം, ക്യാമ്പസ് സമ്മിറ്റ് തുടങ്ങിയ പരിപാടികളും നടന്നു. നാല് വേദികളിലായി നാല് ദിവസങ്ങളില്‍ നടന്ന സമ്മേളനം എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്ക് വേണ്ടിയും സെഷനുകള്‍ സംവിധാനിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ പതിനയ്യായിരം സ്ഥിരം അംഗങ്ങളും അനുബന്ധ സമ്മേളനങ്ങളില്‍ പതിനായിരം പേരും പങ്കെടുത്തു.