Connect with us

Ongoing News

ജനക്കൂട്ടം ഇരമ്പിയെത്തി; സെഷനുകള്‍ പ്രൗഢം

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: ചരിത്രനായകരുടെ നാമധേയത്തിലുള്ള നാല് സ്‌ക്വയറുകള്‍, സര്‍വതല സ്പര്‍ശിയായ ചര്‍ച്ചകള്‍, മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം, ഓരോ സെഷനുകളിലേക്കും ഒഴുകിയെത്തിയ ജനക്കൂട്ടം. സമ്മേളനങ്ങളുടെ ചരിത്രപുസ്തകത്തിന് എസ് വൈ എസിന്റെ അറുപതാം വാര്‍ഷികം സമ്മാനിക്കുന്നത് വേറിട്ടൊരധ്യായമാണ്. ഇങ്ങിനെയൊരു സമ്മേളനം പ്രവര്‍ത്തകര്‍ക്കും ആദ്യാനുഭവം. ആറ് പതിറ്റാണ്ട് സമ്മാനിച്ച കരുത്തിന്റെ വിളംബരം എല്ലാതലങ്ങളിലും പ്രതിഫലിച്ചു. ഓരോ വേദികളിലേക്കും ഒഴുകിയെത്തിയ അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാകട്ടെ, ജനകീയതയുടെ നേര്‍സാക്ഷ്യവുമായി.
സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പെ തുടങ്ങിയതാണ് താജുല്‍ ഉലമാനഗറിലേക്കുള്ള ജനപ്രവാഹം. സമ്മേളനം തുടങ്ങിയതോടെ ജനമൊഴുക്കിന് ശക്തി കൂടി. പ്രതിനിധി സമ്മേളനത്തിലും അനുബന്ധ സമ്മേളനങ്ങളിലും നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയതോടെ കാണികളായെത്തിയവര്‍ പന്തലുകള്‍ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു. ദേശീയപാതയോരത്ത് ഉയര്‍ന്ന് പാറിയ അറുപത് പതാകകള്‍ പശ്ചാത്തലമൊരുക്കിയ വേദികളില്‍ നിറഞ്ഞു നിന്ന ജനക്കൂട്ടം കാഴ്ച്ചക്കാര്‍ക്കും പുതിയൊരനുഭവമായി.
സ്വഫ്‌വ റാലിയോടെ തുടങ്ങിയ സമ്മേളനത്തിലെ ഓരോ സെഷനുകളും പ്രൗഢമായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരാണ് ഓരോ വേദികളിലുമെത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ നീണ്ട നിര തന്നെ പങ്കെടുത്തപ്പോള്‍ ആശീര്‍വാദവുമായി സാദാത്തുക്കളും പണ്ഡിതരും സമ്മേളനത്തെ ധന്യമാക്കി.
കരുത്തും ശക്തിയും വിളിച്ചോതിയ സഫ്‌വ റാലിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഈ വളണ്ടിയര്‍ സേനയെ പ്രസ്ഥാനത്തിന്റെ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തന്നെ നാടിന് സമര്‍പ്പിച്ചു. പ്രതിനിധി സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളന വേദിയിലെത്തി. നിറഞ്ഞ വേദിയെ അഭിവാദ്യം ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്.
മാധ്യമരംഗത്തെ ശരിതെറ്റുകള്‍ വിചാരണ ചെയ്യപ്പെട്ട മാധ്യമ സംവാദം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹിയാണ് ഉദ്ഘാടനം ചെയ്തത്. കെ ഇ എന്‍, പി ജെ ജ്വോഷ്വ, എ ജെ ഫിലിപ്പ്, കാസിം ഇരിക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സ്‌നേഹ സംഭാഷണവും ഹൃദ്യമായിരുന്നു. ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്ത സെഷനില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായെത്തി. സി ഹരിദാസ്, കെ പി രാമനുണ്ണി, പി ദാമോദരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കാനെത്തി.
മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കുന്നതായിരുന്നു ദേശീയോദ്ഗ്രഥന സമ്മേളനം. ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ ക്ഷേമന്ത്രി അഅ്‌സം ഖാന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ, നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം പി മുനവ്വര്‍ സലീം, സി പി എം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്‍, സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എളമരം കരീം, കെ പി സി സി ജനറല്‍ സെക്രട്ടറി ടി സീദ്ദീഖ്, മുസ്‌ലിംലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ എം എല്‍ എ, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍, അലി അബ്ദുല്ല തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു.