ഇംഗ്ലണ്ടിനെതിരെ അനായാസ ജയത്തോടെ ശ്രീലങ്ക ക്വാര്‍ട്ടറില്‍

Posted on: March 1, 2015 3:03 pm | Last updated: March 2, 2015 at 11:10 am
SHARE

England v Sri Lanka - 2015 ICC Cricket World Cupവെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 310 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്കയ്ക്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉയര്‍ത്തിയതേയില്ല. ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലങ്കക്കാര്‍ ഇംഗ്ലണ്ടിന്റെ മികച്ച സ്‌കോര്‍ മറികടന്നത്. ഇതോടെ പൂള്‍ എയില്‍ മൂന്ന് മത്സരങ്ങളും തോറ്റ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ തരക്കേടില്ലാത്ത സ്‌കോര്‍ നേടാനായി. 108 പന്തില്‍ 121 റണ്‍സാണ് റൂട്ട് നേടിയത്. രണ്ട് സിക്‌സറുകളും 14 ഫോറുകളുമാണ് അദ്ദേഹം നേടിയത്. ഇയാന്‍ ബെല്‍ (49), ബട്ട്‌ലര്‍ (39) എന്നിവരും തരക്കേടില്ലാത്ത ബാറ്റിങ് കാഴ്ചവച്ചു. ശ്രീലങ്കയ്ക്കായി ബൗള്‍ ചെയ്ത ആറ് പേരും ഓരോ വിക്കറ്റ് നേടി.
310 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക തകര്‍പ്പന്‍ ഫോമിലായിരുന്നു. തിരിമന്നെയും സംഗക്കാരയും സെഞ്ച്വറി നേടി ലങ്കയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 143 പന്തില്‍ 139 റണ്‍സാണ് തിരിമന്നെ നേടിയത്. 2 സിക്‌സറുകളുടേയും 13 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു ഇത്. സംഗക്കാരയാണ് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചത്. 86 പന്തിലാണ് സംഗക്കാര 117 റണ്‍സടിച്ചത്. രണ്ട് സിക്‌സറും 11 ഫോറും അദ്ദേഹം അടിച്ചു. സംഗക്കാര തന്നെയാണ് കളിയിലെ കേമന്‍. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ സംഗക്കാരയുടെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണിത്. കഴിഞ്ഞ കളിയില്‍ 73 പന്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം ഈ മത്സരത്തില്‍ 70 പന്താക്കി ചുരുക്കി. 55 പന്തില്‍ നാല് ബൗണ്ടറികളുടേയും രണ്ടു സിക്‌സറുകളുടേയും അകമ്പടിയോടെ 44 റണ്‍സെടുത്ത ദില്‍ഷനാണ് പുറത്തായത്.