ഇസ്‌ലാം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി സ്‌നേഹസംഭാഷണം

Posted on: March 1, 2015 12:21 pm | Last updated: March 1, 2015 at 12:21 pm
SHARE

p1 photo Prathinithikal- nazarതാജുല്‍ ഉലമാ നഗര്‍: വിശുദ്ധ ഇസ്‌ലാമിന്റെ നേര്‍ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെച്ച് സ്‌നേഹ സംഭാഷണം സെമിനാര്‍. ‘എന്റെ ഇസ്‌ലാം അനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഇസ്‌ലാമിന്റെ സൗന്ദര്യം സാഹോദര്യ മനോഭാവവും വരച്ചുകാട്ടുന്നതായിരുന്നു. ഇസ്‌ലാമിനെ ശത്രു പക്ഷത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി കൂടിയായിരുന്നു സെമിനാര്‍.
വാളുകൊണ്ടാണ് ഇസ്‌ലാം പ്രചരിച്ചതെന്ന് വാദിക്കുന്നവര്‍ തലക്ക് ഭ്രാന്ത് പിടിച്ചവരാണെന്നായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചരിത്ര പണ്ഡിതനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ കെ എന്‍ കുറിപ്പിന്റെ വാദം. താന്‍ കണ്ട ഇസ്‌ലാം സാഹോദര്യത്തിന്റെതാണ്. ഇസ്‌ലാമിലെ സാഹോദര്യത്തിന്റെ തത്വശാസ്ത്രത്തിന് ഉദാഹരണമാണ് സകാത്ത് കര്‍മം. സമ്പത്ത് കൂട്ടിവെക്കാതെ വിതരണം ചെയ്യാനുള്ളതാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം നല്‍കിയ മതവും ഇസ്‌ലാമാണ്. തീവ്രവാദത്തെ മതവുമായി കൂട്ടിച്ചേര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിന് തടയിടാന്‍ പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുസ്‌ലിം കുടുംബങ്ങളുമായുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ കുറിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണി സംസാരിച്ചത്. പൊന്നാനിക്കാരനായ താന്‍ വീടിന് സമീപത്തെ മുസ്‌ലിം കുടുംബങ്ങളിലെ അതിഥിയായിരുന്നു. മൗലിദിനും പെരുന്നാളിനും നോമ്പ് തുറക്കാനുമെല്ലാം അവരുടെ കൂടെ താനുമുണ്ടാകും. നബിദിന കാലത്ത് സുഗന്ധ പൂരിതമാകുന്ന പൊന്നാനി നല്ല അനുഭവമായിരുന്നു. പരസ്പര ബഹുമാനത്തിന്റെ അന്തരീക്ഷം ദര്‍ശിക്കാമായിരുന്നു. മകനെപ്പോലെ കണ്ട അബ്ദുല്ല ഹാജിയെ വികാര നിര്‍ഭരമായി അദ്ദേഹം ഓര്‍ത്തെടുത്തു. പരസ്പരം കടിച്ച് കീറാനല്ല ഒരുമയോടെ കഴിയാനാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നും രാമനുണ്ണി പറഞ്ഞു. മുസ്‌ലിംകളാണ് എന്നും തന്റെ കൂട്ടുകാരെന്ന് മുന്‍ എം പി. സി ഹരിദാസ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവരും ഒരുമിച്ച് ജീവിക്കേണ്ടവരാണ്. മുസ്‌ലിംകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും രക്ത സാക്ഷിത്വം വഹിക്കുകയും ചെയ്തവരാണ്. മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍ എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗുണങ്ങള്‍ കുറവുള്ളവരാണ് മതവിശ്വാസികളെന്ന് തുടര്‍ന്ന് പ്രസംഗിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. പ്രവാചകന്റെ ജീവിതം പകര്‍ത്താന്‍ തയ്യാറുള്ളവര്‍ക്ക് സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സന്ദേശം കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി സ്വാഗതവും എം എം ഇബ്‌റാഹിം നന്ദിയും പറഞ്ഞു.