വരള്‍ച്ച: പഞ്ചായത്തുകള്‍ പ്രവര്‍ത്തനരഹിതമായ ജലപദ്ധതികള്‍ ഉടന്‍ സമര്‍പ്പിക്കണം

Posted on: March 1, 2015 10:21 am | Last updated: March 1, 2015 at 10:21 am
SHARE

പാലക്കാട്:ജില്ലയില്‍ ഇത്തവണത്തെ വരള്‍ച്ചാ കാലഘട്ടം ജനകീയ കൂട്ടായ്മയിലൂടെയും സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി കൊണ്ടും നേരിടണമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ആറ് താലൂക്കുകളിലെയും വരള്‍ച്ചാ-കുടിവെളള പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
തഹസില്‍ദാര്‍മാര്‍ക്ക് അതത് താലൂക്കിലെ കുടിവെളള പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍മാരെ അറിയിക്കാം. കൂടാതെ കുടിവെളളപ്രശ്‌നം നേരിടുന്നത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ പഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചായത്തംഗങ്ങള്‍ യുവജന സന്നദ്ധ സംഘടനകളുടെ യുവജന ക്ലബുകളുടെയും സഹകരണത്തോടെ പൊതു-സ്വകാര്യ കുളങ്ങളുടെ നവീകരണത്തിന് നേതൃത്വം കൊടുത്ത് കൊണ്ട് വരള്‍ച്ച കൂട്ടായ ശ്രമത്തോടെ നേരിടണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
ടാങ്കര്‍ ലോറികളും നാടന്‍ വളളങ്ങളും വഴിയുളള കുടിവെളള വിതരണം കുടിവെളള ക്ഷാമം അത്യന്ത രൂക്ഷമായ പ്രദേശങ്ങളില്‍ മാത്രമേ പാടുളളുവെന്നും, ടാങ്കര്‍ ലോറികളിലൂടെ കുടിവെളള വിതരണത്തിന് ജില്ലാ കലക്ടറുടെ വ്യക്തമായ ഉത്തരവ് ആവശ്യമാണെന്നും ദുരന്ത നിവാരണ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിക്കണമെന്നും കലക്ടര്‍ ഉദേ്യാഗസ്ഥരോട് ആവശ്യപ്പെട്ടു.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത്/ബ്ലോക്ക്/ജില്ലാതല തദ്ദേശസ്വയംബരണസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ ജില്ലയിലെ എം പിമാര്‍ , എം എല്‍ എമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ , ജനപ്രതിനിധികള്‍, ജില്ലയിലെ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, ഗ്രൗണ്ട് വാട്ടര്‍, പി ഡബ്ല്യു ഡി, ഇലക്ട്രസിറ്റി ബോര്‍ഡ്, റവന്യൂ എന്നിവയുടെ ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് ജില്ലാ കളക്ടര്‍ ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. താലൂക്കുകളില്‍ ഓരോ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും കമ്മിറ്റിയുടെ ചുമതലയുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുകയ്ക്കുളള ഭരണാനുമതി നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുവാദമുളളതായി സര്‍ക്കുലറില്‍ പറയുന്നുണ്ട്.
പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ജലപദ്ധതികള്‍ സംബന്ധിച്ചും ജില്ലാ കലക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പഞ്ചായത്ത്തല ഉദേ്യാഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരള്‍ച്ചാ ദുരിതാശ്വാസമായി ജില്ലയ്ക്ക് 10 കോടിയെങ്കിലും ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് എം.എല്‍.എ.മാരായ കെ.വി. വിജയദാസ്, കെ.എസ്. സലീഖ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലറില്‍ പറയുന്ന പ്രകാരം തൊഴിലുറപ്പ് പദ്ധതി വഴി മാത്രം വരള്‍ച്ച നേരിടാന്‍ സാധ്യമല്ലായെന്നും ജലസ്രോതസുകളുടെ നവീകരണത്തിനും ഉപകരണങ്ങള്‍ക്കുമായി പഞ്ചായത്തുകള്‍ക്ക് പ്രതേ്യക അനുമതിയോടെ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും വി ടി ബല്‍റാം എം എല്‍ എ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സബ് കലക്ടര്‍ പി ബി നൂഹ്, മറ്റ് എം എല്‍ എമാരായ വി ചെന്താമരാക്ഷന്‍, എം ഹംസ, കെ അച്ചുതന്‍, ആര്‍ ഡി ഒ കെ ശെല്‍വരാജ്, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, മറ്റ് വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.