സ്ത്രീ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Posted on: March 1, 2015 10:18 am | Last updated: March 1, 2015 at 10:18 am
SHARE

പാലക്കാട്: ജില്ലാശുപത്രിയിലെ സ്ത്രീജീവനക്കാരോട് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ അപമര്യാദയായി പെരുമാറിയ ഹെഡ് ക്ലാര്‍ക്കിനെ സ്ഥലം മാറ്റി.
ജില്ലാ ആശുപത്രിയിലെ ഹെഡ് ക്ലാര്‍ക്ക് ജി ശശികുമാറിനെയാണ് വനിതാ ജീവനക്കാരോട് ലൈംഗികചുവയുള്ള രീതിയില്‍ പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. വനിത ജീവനക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറ്കടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്ലാര്‍ക്കിനെ ജില്ലാശുപത്രിയില്‍ നിന്നും കൊടുവായൂര്‍ സാമൂഹ്യാ രോഗ്യകേന്ദ്രത്തിലേക്ക് ആരോഗ്യവകുപ്പ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥലം മാറ്റിയത്.
ശശികുമാര്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് അഞ്ചോളം വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് 2014 ഒക്ടോബര്‍ മാസം 18ന് ജില്ലാശുപത്രിയുടെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമിതിയില്‍ ശശികുമാറിനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള തീരുമാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൈക്കൊള്ളുകയും നടപടിക്കായി രേഖാമൂലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ശശികുമാര്‍ 2014 ഡിസംബര്‍ ഒന്നിന് ജില്ലാശുപത്രിയിലെ ലേ സെക്രട്ടറി ആര്‍ മഹാദേവനെ മറ്റു ജീവനക്കാരുടെയും മുമ്പില്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ലേ സെക്രട്ടറിയുടെ ഭാര്യ ആര്‍ ഗീത ജില്ലാ വനിതാ സെല്ലില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ശശികുമാര്‍ തെറ്റ് സമ്മതിക്കുകയും മാപ്പ് അപേക്ഷ നല്‍കുയുമായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജോലി ചെയ്ത സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ആഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. കോണ്‍ഗ്രസ് അനുകൂലസംഘടനയുടെ സജീവപ്രവര്‍ത്തകനായ ശശികുമാര്‍ സ്ഥലം മാറ്റം ഉത്തരവ് ലഭിച്ച ഉടന്‍ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.