Connect with us

Palakkad

ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തണം: ജില്ലാ വികസന സമിതി

Published

|

Last Updated

പാലക്കാട്: പറമ്പിക്കുളം ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രതേ്യക സിറ്റിങ് നടത്തണമെന്നും അട്ടപ്പാടിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേകം മോണിറ്ററിംഗ് വേണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പറമ്പിക്കുളം മേഖലയില്‍ ആദിവാസികളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുള്ളതായി എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി.
ഇത് പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ്, കുടുംബശ്രീ, കെ എസ് ഇ ബി വനം തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി യോഗം ചേര്‍ന്ന് പരിഹാരം കാണണം. ഇവിടുത്തെ കോളനികളില്‍ പലര്‍ക്കും വൈദ്യുതി, റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടില്ല. ഒരു അദാലത്ത് നടത്തി ഇതല്ലാം ചുരുങ്ങിയ സമയം കൊണ്ട് പരിഹരിക്കാമെന്നും എം എല്‍ എമാര്‍ പറഞ്ഞു. പ്രദേശത്ത് വീട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ മണ്ണ് ഖനനം ചെയ്യുന്നതിന് അനുമതി ലഭിക്കുന്നില്ലെന്ന് എം.എല്‍.എ.മാര്‍ പരാതിപ്പെട്ടു.
അട്ടപ്പാടിയില്‍ പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് ഉദേ്യാഗസ്ഥന്മാരും ജനപ്രതിനിധികളും യോഗം ചേരണമെന്നും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും എം എല്‍ എ.മാര്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗം എല്ലാ വര്‍ഷവും വളരെ താഴ്ന്ന നിലയിലാണെന്നും ഈ വര്‍ഷം അത് തുടരുകയാണെന്നും എം എല്‍ എമാര്‍ പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം ഇതിനുകാരണമായി എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി. അതേസമയം മേഖലയില്‍ ഉദേ്യാഗസ്ഥരുടെ ക്ഷാമം രൂക്ഷമാണെന്ന് അട്ടപ്പാടിയുടെ ചുമതലയുളള നോഡല്‍ ഓഫീസര്‍ കെ ബി നൂഹ് പറഞ്ഞു.
ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ അവധിയെടുക്കുകയോ വരാതിരിക്കുകയോ ചെയ്യുന്നുണ്ട്. അട്ടപ്പാടിയില്‍ എസ് സി പി., എസ് ടി പി ഫണ്ട് വിനിയോഗം ഈ വര്‍ഷം 50 ശതമാനത്തില്‍ കൂടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് യോഗം വിലയിരുത്തി. ഇത് അടുത്ത വര്‍ഷവും ആവര്‍ത്തിക്കാതിരിക്കാന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രതേ്യകം മോണിറ്ററിങ് വേണമെന്നും നിര്‍ദേശമുണ്ടായി. നേരത്തെ മൂന്ന് മാസത്തിലൊരിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രതേ്യക യോഗം വിളിക്കാറുണ്ടായിരുന്നു.
പ്രസ്തുത യോഗത്തില്‍ പദ്ധതി അവലോകനം നടത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കാറുണ്ട്. ഇത് അടുത്ത കാലത്തായി നിറുത്തിവെച്ചത് പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചതായും അഭിപ്രായമുണ്ടായി. ആദിവാസികള്‍ക്കുളള ഫണ്ട് ആദിവാസികളില്ലാത്ത പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം എല്‍ എ മാരായ വി ചെന്താമരാക്ഷന്‍, സി പി മുഹമ്മദ്, എം ചന്ദ്രന്‍, വി ടി ബല്‍റാം, എം ഹംസ, കെ വി വിജയദാസ്, കെ എസ് സലീഖ, ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ പ്രതിനിധി പി ഇ എ സലാം മാസ്റ്റര്‍. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ടീച്ചര്‍, പഌനിംഗ് ഓഫിസര്‍ പി പി ജോണി ആര്‍ ഡി ഒ കെ ശെല്‍വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest