പന്ത്രണ്ട് പവന്‍ സ്വര്‍ണവും 6.30 ലക്ഷം രൂപയും കവര്‍ന്നു

Posted on: March 1, 2015 10:09 am | Last updated: March 1, 2015 at 10:09 am
SHARE

ഗൂഡല്ലൂര്‍: വീടിന്റെ ഓടിളക്കി അകത്ത് പ്രവേശിച്ച് പന്ത്രണ്ട് പവന്‍ സ്വര്‍ണവും 6.30 ലക്ഷം രൂപയും കവര്‍ന്നു. ദേവര്‍ഷോല പഞ്ചായത്തിലെ ഒറ്റുവയല്‍ സ്വദേശി എം ടി റസാഖിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഓടിളക്കിയാണ് വീട്ടിനകത്ത് പ്രവേശിച്ച് കവര്‍ച്ച നടത്തിയത്.
വീട്ടിനുള്ളിലെ മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടുകാര്‍ സമീപത്തെ മതപ്രഭാഷണത്തിന് പോയ സമയത്തായിരുന്നു സംഭവം. മതപ്രഭാഷണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇതുസംബന്ധിച്ച് വീട്ടുടമ ദേവര്‍ഷോല പോലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ് മസിനഗുഡി സി ഐ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഊട്ടിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ പണംപിടിച്ച് അല്‍പദൂരം നടന്നു. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഒറ്റുവയല്‍ സ്വദേശി സൈദിന്റെ വീട്ടിലും മോഷണം നടത്തിയിട്ടുണ്ട്. ഇയാളുടെ വീട് കുത്തിത്തുറന്ന് അഞ്ചര പവന്‍ സ്വര്‍ണവും 3,500 രൂപയും മോഷ്ടിച്ചിട്ടുണ്ട്. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചിരിക്കുന്നത്.