Connect with us

Malappuram

മഹാസംഗമത്തിലേക്ക്...

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: ചരിത്രം തിരുത്താന്‍ സുന്നി യുവജന സംഘത്തിന്റെ മഹാ സംഗമം ഇന്ന് രാജകീയ ഭൂമിയില്‍. ആദര്‍ശക്കരുത്തുമായി ലക്ഷങ്ങള്‍ ഒത്തുകൂടുന്ന അഭൂത പൂര്‍വമായ സംഗമത്തിനാണ് താജുല്‍ ഉലമാ നഗര്‍ സാക്ഷിയാവുക. ആരോപണങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും സുന്നിപ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കുന്നതാകും സമ്മേളനം.

ഇരുപത്തി അയ്യായിരം സന്നദ്ധ സേനയെ നാടിന് സമര്‍പ്പിച്ചാണ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. സുന്നികൈരളി കണ്ടിട്ടില്ലാത്ത സമ്മേളനമായി മാറും എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ മനുഷ്യന്റെ ആത്മീയ പുരോഗതിക്കും സാമൂഹ്യ വികാസത്തിനും രാജ്യത്തിനും പ്രയോജനപ്രദമാകുന്ന രീതിയിലുള്ള ചര്‍ച്ചകളും സെമിനാറുകളുമാണ് നടന്നത്. ഒരേ സമയം അഞ്ച് വേദികളിലും തിങ്ങി നിറഞ്ഞ സദസിന് മുന്നിലായിരുന്ന സമ്മേളനങ്ങളെല്ലാം. എവിടെയും ആയിരങ്ങള്‍ തടിച്ചുകൂടുന്ന കാഴ്ച ദൃശ്യമായിരുന്നു. അജയ്യമായ സുന്നി നേതൃത്വത്തിന് കീഴില്‍ തങ്ങള്‍ ഒറ്റപ്പെട്ടവരല്ലെന്ന തിരിച്ചറിവ് നല്‍കുന്നതായിരുന്നു സമ്മേളന അനുഭവങ്ങള്‍.
തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച കടല്‍തൊഴിലാളി സമ്മേളനവും അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ സമ്മേളനവും ഏറെ ശ്രദ്ധേയമായി മാറി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയവര്‍ക്ക് ആത്മീയവും ഭൗതികവുമായ മുന്നേറ്റം സാധ്യമാക്കുകയായിരുന്നു സമ്മേളനത്തിലൂടെ ചെയ്തത്.
ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ രാവിലെ മുതല്‍ താജുല്‍ ഉലമാ നഗര്‍ ജനനിബിഢമാകും. എല്ലാ വഴികളും ഇനിയുള്ള മണിക്കൂറില്‍ താജുല്‍ ഉലമാ നഗര്‍ ലക്ഷ്യമാക്കി നീങ്ങുന്ന പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞ് കവിയും.