Connect with us

Malappuram

ജില്ലക്ക് കൂടുതല്‍ വിഹിതം ലഭ്യമാക്കാന്‍ നടപടി വരള്‍ച്ചാ പ്രതിരോധം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ജനസംഖ്യ കണക്കിലെടുത്ത് വരള്‍ച്ച നേരിടുന്നതിന് കൂടുതല്‍ വിഹിതം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ അഹമ്മദ് എംപിയുടെ പ്രതിനിധി സലിം കുരുവമ്പലം അവതരിപ്പിച്ച പ്രമേയമാണ് യോഗം അംഗീകരിച്ചത്. വാട്ടര്‍ അതോറിറ്റിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തന സജ്ജമാക്കാത്ത കുടിവെള്ള പദ്ധതികള്‍ക്ക് വൈദ്യൂതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ക്രഷര്‍-ടിപ്പര്‍ ലോറി സമരത്തിന് പരിഹാരം കാണണം: ക്രഷര്‍ സമരവും ടിപ്പര്‍ ലോറി സമരവും മണല്‍ പ്രശ്‌നവും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരിക്കുകയാണ്. പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തില്‍ റോഡ്-കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പല പഞ്ചായത്തുകളിലും മുടങ്ങി കിടക്കുകയാണ്. പദ്ധതി വിഹിതം ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി കെ എ റസാഖ് അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.
ഇന്ദിരാ ആവാസ് യോജന: ഇന്ദിരാ ആവാസ് യോജനയില്‍ 2015-16 ല്‍ 7330 വീടുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. 1998 ലെ ബി പി എല്‍ പട്ടിക കണക്കിലെടുത്ത് ഓരോ പഞ്ചായത്തില്‍ നിന്നും മുന്‍ഗണനാ ക്രമത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി ഗ്രാമസഭകള്‍ ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കണം. ലഭ്യമായ തുക വിനിയോഗിച്ച് മാര്‍ച്ച് അഞ്ചിനകം ആദ്യ ഗഡു ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യണം.
പ്ലാന്‍ ഫണ്ട് വിനിയോഗം: 40 ശതമാനം പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകളുടെ പുരോഗതി അവലോകനയോഗം എല്ലാ ആഴ്ചയും ചേരാന്‍ നിശ്ചയിച്ചു. തദേശസ്വയം ഭരണ സ്ഥാപന എന്‍ജിനിയര്‍മാരും നിര്‍വഹണ ഉദ്യേഗസ്ഥരും പങ്കെടുക്കും.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിജ്: കൂട്ടായി റഗുലേറ്റര്‍ കം ബ്രിജിന്റെ വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജലസേചനവകുപ്പ് മുന്‍കൈയെടുക്കണമെന്നും അല്ലാത്തപക്ഷം സമീപവാസികള്‍ക്ക് ഉപയോഗപ്രദമാവും വിധം പ്രവര്‍ത്തിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും ആവശ്യമുയര്‍ന്നു.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന(പി എം ജി എസ്‌വൈ): പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം നിര്‍മിക്കുന്ന 18 റോഡുകളുടെ നിര്‍മാണം ആറ് മാസത്തിനകം തുടങ്ങും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി അടുത്ത ആഴ്ച വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന് ഡി എം ഒ അറിയിച്ചു.
നിര്‍മാണ പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പാക്കും: പദ്ധതി നിര്‍വഹണത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഈമാസം 31 നകം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ മിക്കവാറും ധൃതി പിടിച്ച് ചെയ്യുന്നതിനാല്‍ പിന്നീട് ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. ഈ സാഹചര്യത്തില്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ മിന്നല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു.