ബജറ്റില്‍ മലബാറിന് അവഗണന തന്നെ

Posted on: March 1, 2015 9:53 am | Last updated: March 1, 2015 at 9:53 am
SHARE

budget 2014കോഴിക്കോട്: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ മലബാറിനെ പൂര്‍ണമായും തഴഞ്ഞതായി വിലയിരുത്തല്‍.
ഒരു പുതിയ പദ്ധതി പോലും മലബാറിലെ ജില്ലകളില്‍ ഇല്ല. ജില്ലയുടെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരുന്ന റബ്ബര്‍ പ്രതിസന്ധി മറികടക്കുന്നതിന് റബ്ബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണത്തിനും വിദേശ നിക്ഷേപത്തിനും അടിസ്ഥാനമായ പ്രവാസികളുടെ പണം ഉപയോഗപ്പെടുത്തുന്നതിനുള്ള യാതൊരു നീക്കവും ബജറ്റിലില്ല. കോഴിക്കോടും മറ്റുമുള്ള നിലവിലെ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് പോലും കാര്യമായ ബജറ്റ് വിഹിതം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം ബജറ്റിന് സമ്മിശ്ര പ്രതികരണമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന വികസനത്തിന് 7000 കോടി അനുവദിച്ചത് ഇന്ത്യയെ വികസന പാതയിലേക്ക് നയിക്കുമെങ്കിലും രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലക്ക് അനുയോജ്യമായ പുതിയ ഒരു നിര്‍ദേശവും ബജറ്റിലില്ലെന്ന് മലബാര്‍ ചേംബര്‍ കുറ്റപ്പെടുത്തി. ആധുനിക കൃഷിരീതികള്‍ കൊണ്ടുവരാനോ, ശരിയായ മാര്‍ക്കറ്റിംഗിനോ ബജറ്റ് നിര്‍ദേശമില്ലെന്ന് ചേംബര്‍ പ്രസിഡന്റ് സി എ സി മോഹനന്‍ പറഞ്ഞു. കേന്ദ്ര ബജറ്റ് സ്വാഗതാര്‍ഹമാണെന്ന് ആള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വാണിജ്യ- വ്യവസായ രംഗത്തുള്ളവര്‍ നിരന്തരമായി ആവശ്യപ്പെട്ടുവരുന്ന ഗുഡ്‌സ് സര്‍വീസ് ടാക്‌സ് (ജി എസ് ടി) ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനുള്ള ബജറ്റ് തീരുമാനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. യോഗത്തില്‍ ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. സി സി മനോജ്, സി ന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
കേരളത്തിന് പ്രതീക്ഷിച്ചപോലെ ബജറ്റില്‍ ഒന്നും ഇല്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്ര അഭിപ്രായപ്പെട്ടു. സര്‍വീസ് ടാക്‌സ് 14 ശതമാനമാക്കിയത് സേവന മേഖലയെ സാരമായി ബാധിക്കും. സ്വത്ത് നികുതി ഒഴിവാക്കല്‍, കള്ളപ്പണക്കാര്‍ക്കെതിരെ നടപടി, ഓരോ അഞ്ച് കിലോ മീറ്ററിലും ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ ചില അശ്വാസ നടപടികള്‍ ഉണ്ടെങ്കിലും ഒരു പുതിയ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിച്ച ബജറ്റല്ലിതെന്ന് ഇവര്‍ വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് പി ഗംഗാദരന്‍, അബദുല്ല മാളിയേക്കല്‍, ഐപ്പ്‌തോമസ്, ജോഹര്‍ ടോംടണ്‍, ഹാഷിം, സജിത് പ്രസംഗിച്ചു. സര്‍ക്കാറിന്റെ കൂറ് കോര്‍പറേറ്റുകളോടാണെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് ജനതാദള്‍ (എസ്) സിറ്റി കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ പി ടി ആസാദ് അധ്യക്ഷത വഹിച്ചു.
സ്വത്ത് നികുതി എടുത്തുകളഞ്ഞതും റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിനാമി ഇടപാടുകള്‍ ചോദ്യം ചെയ്യും എന്നതും ബജറ്റിലെ ധീരമായ പ്രഖ്യാപനമാണെന്ന് നികുതിദായകരുടെ സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതും ആദായ നികുതി പരിധി പ്രതീക്ഷിച്ചപോലെ മൂന്ന് ലക്ഷം ആക്കാത്തതും ബജറ്റിന്റെ പൊലിമ കെടുത്തിയെന്ന് നികുതിദായകരുടെ സംഘടനയുടെ ചെയര്‍മാന്‍ അഡ്വ. പി ടി എസ് ഉണ്ണി പറഞ്ഞു.