Connect with us

Kozhikode

സ്‌കൂളില്‍ കറന്റില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ജില്ലയിലെ ആദ്യ സിറ്റിംഗിലെത്തിയത് 18 പരാതികള്‍. സ്‌കൂളില്‍ വൈദ്യുതിയില്ലാത്തതും വാല്വേഷന്‍ ഷീറ്റ് തിരുത്തി മാര്‍ക്ക് കുറച്ചതും ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികളും ഇവയില്‍പ്പെടും.
ആക്ടിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കമ്മീഷന്‍ സിറ്റിംഗ്. പാറന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളിലെ ഏഴ് കുട്ടികളാണ് 1924ല്‍ ആരംഭിച്ച തങ്ങളുടെ സ്‌കൂളില്‍ ഇതുവരെ വൈദ്യുതിയെത്തിയിട്ടില്ലെന്ന പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ കമ്മീഷന്‍ ഡി ഡി ഇക്ക് നിര്‍ദേശം നല്‍കി.
നന്മണ്ടയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് തന്റെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ വേളയില്‍ കൃത്രിമം കാണിച്ച് മാര്‍ക്ക് കുറച്ചെന്ന പരാതിയുമായി വന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷന്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറില്‍നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ അഡ്മിഷന് ചെന്നപ്പോള്‍ അപേക്ഷാ ഫോം നല്‍കാന്‍ വിസമ്മതിച്ചെന്ന രക്ഷിതാവിന്റെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നും ഡി ഡി ഇയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സ്‌കൂള്‍ കലോത്സവ അപ്പീലുമായി ബന്ധപ്പെട്ടവയായിരുന്നു ഏഴ് കേസുകള്‍. ബാലാവകാശ കമ്മീഷനില്‍ അപ്പീലുമായെത്തുന്നവര്‍ക്ക് ഇടക്കാല ഉത്തരവാണ് നല്‍കാറ്. മത്സരത്തില്‍ ഗ്രേഡ് നേടുന്നവര്‍ക്ക് അന്തിമ ഉത്തരവ് നല്‍കുകയാണ് രീതി. അപ്പീല്‍ വഴിയെത്തുന്നവര്‍ ജില്ലയില്‍ നിന്ന് ഒന്നാമതെത്തിയ മത്സരാര്‍ഥിയേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നേടിയെങ്കില്‍ മാത്രമേ എ ഗ്രേഡ് നേടിയാലും ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാകൂ എന്ന കലോത്സവ മാന്വല്‍ നിയമം ഹൈക്കോടതി റദ്ദ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്ക് കമ്മീഷന്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ട് ഉത്തരവായി.
ഏഴ് വര്‍ഷം മുമ്പ് വയനാട്ടില്‍ വെച്ച് അച്ഛനെ കാണാതായ കേസില്‍ സമ്പത്ത് അച്ഛന്റെ വീട്ടുകാര്‍ തട്ടിയെടുക്കുന്നുവെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയില്‍ വയനാട് ജില്ലാ കലക്ടറോടും പോലീസ് സൂപ്രണ്ടിനോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മാനേജര്‍ നിരന്തരം വേട്ടയാടുന്നുവെന്ന് കാണിച്ച് മലാപ്പറമ്പ് സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയതായിരുന്നു മറ്റൊരു പരാതി. ഇതേക്കുറിച്ച് ചേവായൂര്‍ സി ഐയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അമ്മയോടൊപ്പം കഴിയുന്ന കുട്ടിയുടെ പാസ്‌പോര്‍ട്ട് നിയമവിരുദ്ധമായി അച്ഛന്‍ കൈവശം വച്ചുവെന്ന പരാതിയില്‍ അത് കുട്ടിക്ക് തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വിവിധ ജില്ലകളില്‍ നിന്നായി ഇതിനകം 700 പരാതികള്‍ ലഭിച്ചതില്‍ 500ലേറെ പരാതികള്‍ തീര്‍പ്പാക്കിയതായി ആക്ടിംഗ് ചെയര്‍മാന്‍ പറഞ്ഞു.

Latest