Connect with us

Kozhikode

ജപ്പാന്‍ കുടിവെള്ള പ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍: മുനീര്‍

Published

|

Last Updated

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രദേശങ്ങളിലെ വീടുകളിലെല്ലാം വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്ന് പഞ്ചായത്ത്, സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി യാഥാര്‍ഥ്യമാക്കാനായി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കും. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ഉള്‍പ്പെടാത്ത പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന എം എല്‍ എമാരുട അഭിപ്രായത്തോട് ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടിവെള്ള പദ്ധതി മേല്‍നോട്ട സമിതി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.
കുടുംബശ്രീ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എല്ലാ മണ്ഡലങ്ങളിലും മൂന്ന് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട എം എല്‍ എയെ ഉള്‍പ്പെടുത്തി ജനകീയസമിതി വിളിച്ചു ചേര്‍ക്കണമെന്ന് മുനീര്‍ നിര്‍ദേശിച്ചു. കേരളത്തിലെ ചെറുകിട നാമമാത്ര ക്വാറി ഉടമകള്‍ മൂന്നാഴ്ചയോളമായി നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം കെ രാഘവന്‍ എം പിയുടെ പ്രതിനിധി എ അരവിന്ദന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ സമരം കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
സാമൂഹിക വനവത്കരണ പരിപാടിയില്‍ ഈ വര്‍ഷം മാവ്, പ്ലാവ്, പേര, സീതപ്പഴം, നെല്ലി എന്നിവയുടെ തൈകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. എം എല്‍ എ ഫണ്ടുപയോഗിച്ച് നിര്‍മിക്കാന്‍ നിര്‍ദേശിച്ച കുടിവെള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എം എല്‍ എമാരായ സി കെ നാണു, കെ കെ ലതിക, പി ടി എ റഹീം, സി മോയിന്‍ കുട്ടി, വി എം ഉമ്മര്‍, കെ കുഞ്ഞമ്മത് മാസ്റ്റര്‍, കെ ദാസന്‍, കലക്ടര്‍ എന്‍ പ്രശാന്ത്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയുടെ പ്രതിനിധി സി വി അജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ആര്‍ ഡി ഒ ഹിമാന്‍ഷുകുമാര്‍ റായ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അമന്‍ദീപ് കൗര്‍, എ ഡി എം കെ രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേശ്കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ് പങ്കെടുത്തു.