Connect with us

Kozhikode

കള്ളനോട്ട്: ബെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: ചെറൂട്ടി റോഡിലെ സ്വകാര്യ ബേങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന ഒരു ലക്ഷം രൂപയില്‍ 29 കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബെംഗളൂരു യശ്വന്ത്പൂര്‍ സ്വദേശി മുസ്താഹ് അഹമ്മദ് (49) നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ബംഗളൂരുവിലുള്ള ഇയാളുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു.
മുസ്താഹ് അഹമ്മദിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത അക്രംപാഷ (43), ഇജാസ് (40), നവീദ ്(19), അസീസ് ബാബു (34) എന്നിവരെ ചോദ്യം ചെയ്തുവരികയാണ്.
ആയിരത്തിന്റെ 29 വ്യാജനോട്ടുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഇവര്‍ ലോഡിംഗ് തൊഴിലാളികളും പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്നവരുമാണെന്ന് ടൗണ്‍ പോലീസ് പറഞ്ഞു. നഗരത്തിലെ അരിക്കച്ചവടക്കാരന്റെ കെട്ടിടത്തില്‍ ഇവര്‍ വാടകക്ക് താമസിച്ച് വരുകയായിരുന്നു.
വാടകയായി ഇവര്‍ നല്‍കിയ തുകയില്‍ നിന്നാണ് അരിക്കച്ചവടക്കാരന് കള്ളനോട്ട് ലഭിച്ചത്. ഈ തുക ഇദ്ദേഹം ബേങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബേങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരു സ്വദേശി അറസ്റ്റിലായിരിക്കുന്നത്.