Connect with us

Kozhikode

അമിതമായ ജലമൊഴുക്കല്‍: ജനങ്ങള്‍ ആശങ്കയില്‍

Published

|

Last Updated

പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിലൂടെ അമിതമായി ജലമൊഴുക്കിവിടുന്നത് പല പ്രദേശങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നു. ഉപരിതലം താഴ്ന്ന ഭാഗങ്ങളില്‍ ഇരുഭാഗവും മണ്ണിട്ടുയര്‍ത്തിയതിനുശേഷം കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച ഭാഗങ്ങളിലാണ് അമിത ജലപ്രവാഹം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. കൂത്താളി പഞ്ചായത്തിലെ തണ്ടോറപ്പാറ മാമ്പള്ളി ഭാഗത്ത് 7.200 കി. മീറ്റര്‍ മുതല്‍ ഒമ്പതാം കി. മീറ്റര്‍ വരെയുള്ള കനാലില്‍ വെള്ളം കരയോടടുത്ത് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെ കനാലിന്റെ ചോര്‍ച്ച കാരണം വീടുകളും കൃഷിയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് കൂടിയ തോതില്‍ ജലപ്രവാഹമുണ്ടായിരിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കനാലുകള്‍ ദുര്‍ബ്ബലമായിരിക്കയാണെന്നും അമിത ജലപ്രവാഹം കനാലിന്റെ തകര്‍ച്ചക്കും ദുരന്തത്തിനും കാരണമാകുമെന്നുമുള്ള ആപത്ശങ്ക ജനം പ്രകടിപ്പിക്കുന്നുണ്ട്.
അതിനിടെ, പെരുവണ്ണാമൂഴി കൂവ്വപ്പൊയില്‍ റോഡ് സൈഡിലൂടെ നിര്‍മിച്ച കനാലിന്റെ ഭിത്തിയില്‍ ദ്വാരം വീണ് ജലം മെയിന്‍ റോഡിലൂടെ ഒഴുകുകയാണ്. കഴിഞ്ഞ വര്‍ഷം കനാല്‍ അടക്കാന്‍ സമയത്ത് ഈ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ഇതിന് പരിഹാരം കാണാതെയാണ് ഈ വര്‍ഷവും കനാല്‍ തുറന്നത്. ഈ സാഹചര്യത്തില്‍ ജലമൊഴുക്കിന്റെ തീവ്രത കുറച്ച് ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.