Connect with us

Ongoing News

വെറും വളര്‍ച്ച അതിലപ്പുറമൊന്നുമില്ല

Published

|

Last Updated

സുരേഷ് പ്രഭുവാകാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് സാധിക്കുകയില്ല. പ്രഭുവിന് റെയില്‍വേ എന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെയും അതിന്റെ സ്വത്തുവകകളെയും വ്യവഹരിച്ചാല്‍ മതി. റെയില്‍വേക്ക് നല്‍കേണ്ട ധനസഹായമുള്‍പ്പെടെ രാജ്യത്തെ എല്ലാ വകുപ്പുകളെയും കണക്കിലെടുത്ത് കൂട്ടിയും കിഴിക്കേണ്ടിയും വരുന്നു അരുണ്‍ ജെയ്റ്റ്‌ലിക്ക്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു പ്രത്യേക ദിശയിലേക്ക് ബജറ്റിനെ കേന്ദ്രീകരിക്കുക എന്നത് പ്രായോഗികമായി ദുഷ്‌കരമാണ്. സാമൂഹിക സുരക്ഷ ഉറപ്പാക്കും വിധത്തിലുള്ള പദ്ധതികള്‍ നിലനിര്‍ത്തുകയോ ആരംഭിക്കുകയോ വേണം. ജനസംഖ്യയുടെ 60 ശതമാനത്തോളം ആശ്രയിക്കുന്ന കാര്‍ഷിക മേഖലക്ക് മതിയായ വിഹിതം അനുവദിച്ചുവെന്ന് വരുത്തണം. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട പണം ചെലവിടാന്‍ സാധിക്കുന്നുവെന്ന് ഉറപ്പാക്കണം. വ്യവസായമേഖലക്ക് ഊര്‍ജം ലഭിക്കും വിധത്തിലുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ പിന്തുടര്‍ന്ന ഈ മിശ്രണം, വലിയ ഏറ്റക്കുറച്ചിലില്ലാതെ തുടര്‍ന്നിട്ടുണ്ട് അരുണ്‍ ജെയ്റ്റ്‌ലി എന്ന് നിസ്സംശയം പറയാം.
ഇങ്ങനെ തുടരുമ്പോള്‍ തന്നെ, നിക്ഷേപം നടത്തുന്ന സ്വകാര്യ വന്‍കിട ഗ്രൂപ്പുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരം വേണ്ടുവോളം തുറന്നുവെക്കുന്നുണ്ട് ധനമന്ത്രി. സബ്‌സിഡികള്‍ ഇല്ലാതാക്കില്ല, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരും, കുറഞ്ഞ പ്രീമിയത്തില്‍ എല്ലാവര്‍ക്കും അപകട ഇന്‍ഷ്വറന്‍സ്, എല്ലാവരെയും പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരിക തുടങ്ങിയവയാണ് സാമൂഹിക സുരക്ഷാ മേഖലയിലെ വലിയ പ്രഖ്യാപനങ്ങള്‍. സബ്‌സിഡികള്‍ ഇല്ലാതാക്കില്ല എന്ന് പറയുമ്പോള്‍ തന്നെ ജന്‍ധന്‍ യോജന – മൊബൈല്‍ ഫോണ്‍ നമ്പര്‍ – ആധാര്‍ എന്നിവയിലൂടെ സബ്‌സിഡി വിതരണം നിജപ്പെടുത്തുമെന്ന് വ്യക്താക്കപ്പെട്ടിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ എന്ന നിര്‍വചനത്തിന് കീഴിലേക്ക് കൊണ്ടുവന്ന് സബ്‌സിഡി ലഭിക്കുന്നവരുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തുക എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിന്റെ മാനദണ്ഡങ്ങള്‍, കേന്ദ്ര സര്‍ക്കാറിന് പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. ജന്‍ധന്‍ യോജന – മൊബൈല്‍ ഫോണ്‍ നമ്പര്‍ – ആധാര്‍ എന്നിവയുടെ സംയോജനം പൂര്‍ത്തിയാക്കിയ ശേഷമേ അത്തരമൊരു നടപടിയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ഈ ബന്ധം സാധ്യമായിടത്തുള്ള വലിയ വിഭാഗത്തിന് ആനുകൂല്യം നിഷേധിക്കപ്പെടുകയും ബാക്കി പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും ഇത് ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. അത്തരമൊരു വിവേചനം ഭരണകൂടത്തിന് കാട്ടാന്‍ സാധിക്കാത്തതുകൊണ്ടാണ് സബ്‌സിഡി നിര്‍ത്തലാക്കില്ലെന്ന പ്രഖ്യാപനം ഇക്കുറിയും മന്ത്രിക്ക് നടത്തേണ്ടിവരുന്നത്.
കുറഞ്ഞ പ്രീമിയത്തില്‍ എല്ലാവര്‍ക്കും അപകട ഇന്‍ഷ്വറന്‍സും ആദായ നികുതി ഇളവ് ലഭിക്കാവുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതും ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് കമ്പനികളുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടുള്ളതാണ്. വര്‍ഷത്തില്‍ 12 രൂപ പ്രീമിയമുള്ളതും 330 രൂപ പ്രീമിയമുള്ളതുമായ പോളിസികളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എന്ന് പേരിട്ട പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സികളാകുന്ന കമ്പനികളേതൊക്കെ എന്നത് ഇപ്പോള്‍ വ്യക്തമല്ല. രാജ്യത്തെ ജനസംഖ്യയില്‍ 100 കോടി 12 രൂപ പ്രീമിയമുള്ള പദ്ധതിയില്‍ അംഗങ്ങളാകുന്നുവെങ്കില്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൈയിലേക്ക് എത്തുന്നത് 1,200 കോടി രൂപയാണ്. ഓരോ വര്‍ഷവും ഇത്രയും തുക കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയ ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ വരുന്നത്. ഈ മേഖലയിലേക്ക് നിക്ഷേപം നടത്താന്‍ എത്തുന്ന കമ്പനികള്‍ക്ക് ഇതാ വലിയ അവസരം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നുവെന്ന് കൂടി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. 12 രൂപ മുടക്കുമ്പോള്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഓരോ പോളിസിക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന വിഹിതം എത്രയെന്നതും ഇപ്പോള്‍ വ്യക്തമല്ല.
എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ലക്ഷ്യം, വികസിത രാഷ്ട്രങ്ങളൊക്കെ നേരത്തെ തന്നെ കൈവരിച്ചതാണ്. ഇവിടെ ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നതും സവിശേഷമായ ഒരു സാഹചര്യത്തിലാണ്. പെന്‍ഷന്‍ ഫണ്ടില്‍ നിന്നുള്ള പണം, ഓഹരി വിപണികളിലും മറ്റും നിക്ഷേപിക്കാന്‍ അവസരം നല്‍കുകയും മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന ലാഭ – നഷ്ടങ്ങള്‍ക്കനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് വര്‍ഷത്തില്‍ 1000 രൂപ വരിസംഖ്യ തെരഞ്ഞെടുക്കുന്ന ഉപഭോക്താവ് വരിസംഖ്യയുടെ അമ്പത് ശതമാനം അടച്ചാല്‍ മതി. ബാക്കി കേന്ദ്രം അടക്കും. കൂടുതല്‍ പണം പെന്‍ഷന്‍ ഫണ്ടിലേക്ക് എത്തുകയും അത് ഓഹരി വിപണികളിലേക്ക് ഒഴുകുകയും ചെയ്യുക എന്നത് കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥക്കും അതിനെ നിയന്ത്രിക്കുന്ന ശക്തികള്‍ക്കും അനിവാര്യമാണ്. ചുരുക്കത്തില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതിനെ വിപണിക്ക് കരുത്തേകാന്‍ ഉപയോഗിക്കുകയുമാണ് ധനമന്ത്രി ചെയ്തത്.
സാമ്പത്തിക സര്‍വേ പ്രകാരം കാര്‍ഷിക മേഖല 2014-15ല്‍ കൈവരിക്കുന്ന വളര്‍ച്ചാ നിരക്ക് 1.9 ശതമാനം മാത്രമാണ്. കാര്‍ഷിക മേഖലക്ക് വായ്പക്കായി നീക്കിവെക്കുന്ന തുക 8.5 ലക്ഷം കോടിയാക്കുകയും ജലസേചനപദ്ധതികളുടെ വ്യാപനത്തിന് 5,000 കോടി അനുവദിക്കുകയും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ചില പദ്ധതികള്‍ പ്രഖ്യാപിക്കുകയും മാത്രമാണ് ധനമന്ത്രി ചെയ്തത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനോ വിപണിബന്ധം മെച്ചപ്പെടുത്തി കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കനോ ശ്രമിച്ചതായി കാണുന്നില്ല. പരോക്ഷ നികുതി ഒടുക്കാതിരിക്കുന്നവര്‍ക്ക് പിഴയില്‍ ഇളവ് നല്‍കിയും നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട് ധനമന്ത്രി. പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ വിവിധ വകുപ്പുകളെ സമീപിക്കേണ്ട സ്ഥിതി അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപനമുണ്ട്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കുമൊക്കെയുണ്ടാക്കുന്ന ദോഷങ്ങള്‍ പരിഗണിക്കാതെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടേക്കാം. അടിസ്ഥാന സൗകര്യ മേഖലയില്‍ പൊതു – സ്വകാര്യ പങ്കാളിത്തം ലാക്കാക്കി 70,000 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. പി പി പിയുടെ “റിസ്‌ക്” കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും. പദ്ധതിയിലൂടെ ലാഭമുണ്ടായാല്‍ അതിന്റെ പങ്ക് സ്വകാര്യമേഖലക്ക് ലഭിക്കും. നഷ്ടമാണെങ്കില്‍ അത് നികുതിദായകരുടെ അക്കൗണ്ടിലായിരിക്കും.
കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന വാദം എത്രത്തോളം ദഹനയോഗ്യമാണ്? തൊഴിലാളികളെ കുറച്ച് ലാഭം വര്‍ധിപ്പിക്കാനുള്ള ഏത് വഴിയും തേടുന്ന സ്വകാര്യ മേഖല, നികുതി കുറച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ നല്‍കുമോ? കള്ളപ്പണം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. നിലവിലുള്ള നിയമവ്യവസ്ഥകളെ മറികടന്ന് വ്യക്തികളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടുന്നതും അത് വിദേശത്തെ ബാങ്കുകളിലേക്ക് മാറ്റുന്നതും. ഇത്തരം പ്രവൃത്തികളെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ തന്നെ വ്യവസ്ഥകളുമുണ്ട്. അത് നടപ്പാക്കാന്‍ മടി കാട്ടുന്നവര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പറയുമ്പോള്‍ അത് ഏട്ടിലേക്ക് മറ്റൊരു പശുവെത്തുന്നുവെന്ന് മാത്രമേ കണക്കാക്കേണ്ടതുള്ളൂ.
ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതോടെ കൂടുതല്‍ സാമ്പത്തികാധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതിന്റെ മറവില്‍ എട്ട് പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണ്. പിന്നാക്ക മേഖലകള്‍ക്കുള്ള ധനസഹായം, പോലീസ് സേനയുടെ ആധുനികവത്കരണം എന്നിവയുള്‍പ്പെടെ എട്ട് പദ്ധതികള്‍ക്കാണ് ഇനി കേന്ദ്ര സഹായം ഇല്ലാതിരിക്കുക. ഇവ പൂര്‍ണമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുന്നു. 24 പദ്ധതികളുടെ കേന്ദ്ര – സംസ്ഥാന വിഹിതങ്ങളില്‍ മാറ്റം വരുത്തുമെന്നും പ്രഖ്യാപനമുണ്ട്. സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുകൊണ്ടായിരിക്കും മാറ്റമെന്നും. ഗ്രാമീണ കുടിവെള്ള പദ്ധതി, ദേശീയ കൃഷി വികസന പദ്ധതി, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, ഗ്രാമീണ ഭവന നിര്‍മാണ പദ്ധതി തുടങ്ങിയവ ഇതില്‍പ്പെടും. ഈ പദ്ധതികള്‍ക്കൊക്കെ കൂടുതല്‍ വിഹിതം സംസ്ഥാന സര്‍ക്കാറുകള്‍ നീക്കിവെക്കേണ്ടിവരും. നികുതി വിഹിതത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ധന വരുത്തിയപ്പോള്‍, പദ്ധതി വിഹിതം വലിയ തോതില്‍ വെട്ടിക്കുറക്കുകയും അധിക ഭാരം സംസ്ഥാനങ്ങളുടെ മേല്‍ ചുമത്തുകയുമാണ് ചെയ്തിരിക്കുന്നത്.
വന്‍കിട വ്യവസായികള്‍ക്കും രാജ്യത്തേക്ക് കടന്നുവരാന്‍ തയ്യാറെടുക്കുന്ന വിദേശ കമ്പനികള്‍ക്കും കുറച്ചുകൂടി അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുനല്‍കുകയാണ് ബജറ്റിന്റെ സമീപനമെന്ന് നിസ്സംശയം പറയാം. ഇതിലധികമൊക്കെ ചെയ്ത് നല്‍കണമെന്ന തോന്നല്‍ നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കുമൊക്കെയുണ്ടെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ഞെട്ടല്‍ അതില്‍ നിന്ന് അവരെ പിന്‍വലിപ്പിച്ചുവെന്ന് മാത്രം. റെയില്‍ ബജറ്റിന്റെ കാര്യത്തില്‍ ഈ ഭയത്തിന്റെ ആവശ്യമില്ലായിരുന്നു. യാത്രാക്കൂലിയും ചരക്ക് കടത്തിന്റെ കൂലിയും വര്‍ധിക്കുന്നുണ്ടോ എന്നത് മാത്രമേ അതില്‍ നേരിട്ട് ജനങ്ങളെ ബാധിക്കുന്നതായുള്ളൂ. പൊതു ബജറ്റിലാകുമ്പോള്‍, സ്ഥിതി അതല്ല. അതുകൊണ്ടാണ് പുതിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയിരിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നലുണ്ടാക്കുകയും അതിന്റെ പ്രയോജനം വന്‍കിട കമ്പനികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യാന്‍ ജെയ്റ്റ്‌ലി തീരുമാനിച്ചത്. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച, വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ബജറ്റിനോട് കിടപിടിക്കുന്ന ഒന്നാകും ഇക്കുറിയെന്ന പ്രതീക്ഷകളെ ഇല്ലാതാക്കിയതും അതുകൊണ്ടാണ്.
പണം തടസ്സം കൂടാതെ ഒഴുകുക എന്നതാണ് കമ്പോളത്തെ ആധാരമാക്കുന്ന സമ്പദ് വ്യവസ്ഥക്ക് അനിവാര്യമായുള്ളത്. അതുണ്ടായാല്‍ കൃഷിയും വ്യവസായവുമൊന്നും വളര്‍ന്നില്ലെങ്കിലും മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കെടുക്കുമ്പോള്‍ എട്ട് ശതമാനത്തോളമെത്തും. അതിന് പാകത്തിലുള്ള വിഭവ വിതരണം ഉറപ്പാക്കുന്നുണ്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ്. അതിനപ്പുറത്തുള്ളതൊന്നും ഈ ഭരണ സംവിധാനം ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നുമില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്