കള്ളപ്പണം തടയാന്‍ ഉറച്ച ചുവടുകള്‍

Posted on: March 1, 2015 9:03 am | Last updated: March 1, 2015 at 9:03 am
SHARE

കള്ളപ്പണം കുന്നുകൂടുന്നത് തടയാന്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുക വഴി ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയത്തിലാണെന്ന പ്രതിപക്ഷ വിമര്‍ശത്തിന് മറുപടി നല്‍കുന്നു സമ്പൂര്‍ണ ബജറ്റ്. വിദേശത്ത് സൂക്ഷിച്ച സ്വത്ത് വകകള്‍ മറച്ചുവെച്ചാല്‍ 10 വര്‍ഷം തടവ് ലഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബിനാമി ഇടപാടുകളും വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഇത്തരക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള ഇളവുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അവ പിന്‍വലിക്കും. രാജ്യത്തിനകത്തും പുറത്തും പൂഴ്ത്തുന്ന കള്ളപ്പണം പിടിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കുന്ന വിധത്തില്‍ പുതിയൊരു ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും് ധനമന്ത്രി പറഞ്ഞു. നികുതി അടയ്‌ക്കേണ്ടവര്‍ അടയ്ക്കാതിരുന്ന് പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും. ഒരുലക്ഷത്തിന് മേലെയുള്ള ഏതൊരു ധനമിടപാടിനും പാന്‍ കാര്‍ഡ് ബാധകമാക്കും. പുതുതായി തുടങ്ങുന്ന വിദേശ അക്കൗണ്ടുകളുടെ തുടക്കം മുതലുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് നല്‍കുന്ന രേഖകളില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണമെന്ന വ്യവസ്ഥയും പുതിയ നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തും. കള്ളപ്പണം തടയുന്നതിനുള്ള നിയമ നിര്‍മാണവും അത് കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും തന്റെ നികുതി നയത്തിന്റെ ആണിക്കല്ല് തന്നെ ഇതായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ ബില്ല് പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകഘടകമാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയല്‍. അക്കാര്യം സര്‍ക്കാര്‍ അടിയന്തരപ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കണക്കില്‍ കാണിക്കാതെ സമ്പത്ത് മറച്ച് വെക്കുന്നവര്‍ക്ക് സെറ്റില്‍മെന്റ് കമ്മീഷനെ സമീപിച്ച് ഇളവുകള്‍ നേടിയെടുക്കാനുള്ള സാധ്യത ഇപ്പോള്‍ ഉണ്ട്. നിര്‍ദിഷ്ട ബില്ലില്‍ ഇത് ഇല്ലാതാക്കും. പിഴ മറച്ചുവെച്ച സ്വത്തിന്റെ 300 ശതമാനമാക്കും. ആഭ്യന്തര കള്ളപ്പണം അവസാനിപ്പിക്കാന്‍ ബിനാമി ഇടപാട് തടയല്‍ നിയമം കൊണ്ടു വരും. അത് നടപ്പ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും പ്രോസിക്യൂഷന്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ആഭ്യന്തര കള്ളപ്പണത്തിന്റെ പ്രധാന സ്രോതസ്സായ ബിനാമി ഇടപാടുകള്‍, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പൂര്‍ണമായി തടയുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വിദേശത്ത് കണക്കില്‍ പെടുത്താതെ സൂക്ഷിച്ച സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അധികാരം നല്‍കും. വിദേശവിനിമയ നിയമം(ഫെമ-1999) കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിട്ടുണ്ട്.
കണക്കില്‍ കാണാത്ത സമാന്തര സമ്പദ്‌വ്യവസ്ഥയാണ് കള്ളപ്പണം സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവും ഇപ്പോള്‍ പ്രഖ്യാപിച്ച പരിഹാര നടപടികളും എത്രമാത്രം ഫലപ്രദമാകുമെന്ന ചോദ്യം വരും നാളുകളില്‍ പ്രസക്തമാകും. കള്ളപ്പണത്തിന് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്ന വിദേശ ബേങ്കുകളും ചില രാജ്യങ്ങള്‍ തന്നെയും ഈ പരിഹാര നിര്‍ദേശങ്ങളെയാകെ അപ്രസക്തമാക്കുന്ന തന്ത്രങ്ങള്‍ മെനയുമെന്നുറപ്പാണ്. കണക്കില്‍ പെടാത്ത പണം അപ്പോള്‍ നിക്ഷേപമായി മാറും. ചിലപ്പോള്‍ ജീവകാരുണ്യത്തിലേക്ക് നീങ്ങും. അത്‌കൊണ്ട് കള്ളപ്പണവിരുദ്ധ നിയമം ഏറെ മുന്നോട്ട് പോകും മുമ്പ് തന്നെ പരിഷ്‌കരിക്കേണ്ടി വരും. തിരഞ്ഞെടുപ്പില്‍ അവേശകരമായ മുദ്രാവാക്യമായിരുന്നു മോദി ഉയര്‍ത്തിയിരുന്നത്. വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ ദിവസങ്ങള്‍ക്കകം നാട്ടിലെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ബജറ്റില്‍ ജെയ്റ്റ്‌ലി നടത്തിയ ചെറു ചുവട്‌വെപ്പുകള്‍ സര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്നത് ഈ പശ്ചാത്തലത്തിലാണ്.