നിരാശാജനകം

Posted on: March 1, 2015 9:02 am | Last updated: March 1, 2015 at 9:02 am
SHARE

വന്‍തോതില്‍ വിദേശനിക്ഷേപം ലക്ഷ്യമിടുന്നതും വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് ഉദാരമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതുമണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റ്. അതേസമയം 2022 ആകുമ്പോഴേക്ക് എല്ലാവര്‍ക്കും വീട്, വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി തുടങ്ങി സാധാരക്കാരെ ആകര്‍ഷിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളും ബജറ്റ് ഉള്‍ക്കൊള്ളുന്നുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചത്വരിതപ്പെടുത്തുകയും അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന ബജറ്റിന്റെ ആമുഖത്തില്‍ വാഗ്ദാനം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലി സബ്‌സിഡി കര്‍ശനമായി നിയന്ത്രിക്കുകയും പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്യുമെന്ന പ്രഖ്യാപനത്തോടെ സബ്‌സിഡി എടുത്തുകളയാനുള്ള നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കാന്‍ സബ്‌സിഡികളല്ല മാര്‍ഗമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ധനമന്ത്രി ഊന്നിപ്പറഞ്ഞതും, 3,78,000 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ വര്‍ഷാന്തം പൊതുഖജനാവിന്റെ ബാധ്യതയെന്നും ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.24 ശതമാനം വരുമെന്നുള്ള അദ്ദേഹത്തിന്റെ ആശങ്കയും സബ്‌സിഡി ഇന്നത്തെ നിലയില്‍ ഏറെ ക്കാലം പ്രതീക്ഷിക്കേണ്ടതില്ലെന്നതിന്റെ സൂചനയായി വേണം കാണാന്‍.
കാര്‍ഷിക മേഖലയുടെ തളര്‍ച്ചയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളില്‍ പ്രധാനമെന്നു ചൂണ്ടിക്കാട്ടിയ ജെയ്റ്റ്‌ലി കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക ജലസേചനത്തിന് 5200 കോടി രൂപ, കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ ദേശീയ കാര്‍ഷിക വിപണി തുടങ്ങിയവയാണ് ഈ മേഖലയിലെ മുഖ്യ വാഗ്ദാനങ്ങള്‍. എങ്കിലും രാജ്യത്തെ പകുതിയിലധികം പേരുടെ ജീവിത മാര്‍ഗമെന്ന നിലയില്‍ കാര്‍ഷിക മേഖല കൂടുതല്‍ പദ്ധതികളും തുകയും അര്‍ഹിക്കുന്നുണ്ട്. കാര്‍ഷിക വായ്പക്ക് 8.5 ലക്ഷം കോടി ബജറ്റ് നീക്കിവെക്കുന്നുണ്ട്. ഈ ആനുകൂല്യം കൂടുതലും കൈപ്പറ്റുന്നത് കോര്‍പറേറ്റുകളുള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ക്കാണെന്നത് രഹസ്യമല്ല. ഇതിനിടെ റിസര്‍വ് ബേങ്ക് അധികൃതര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുമുണ്ടായി. കാര്‍ഷിക വായ്പക്ക് ഉയര്‍ന്ന തുക പ്രഖ്യാപിക്കുമ്പോള്‍ അര്‍ഹര്‍ക്കാണ് അത് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
കേരളത്തെ ബജറ്റ് നിരാശപ്പെടുത്തി. കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസും ബിഹാറിന് എയിംസിന് സമാനമായൊരു ഇന്‍സ്റ്റിറ്റിയൂട്ടും അനുവദിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ എയിംസ് പ്രഖ്യാപിക്കുമെന്ന് ഇതിനിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായിക് വാഗ്ദത്തം ചെയ്തതാണ്. ഇതനുസരിച്ചു നാല് സ്ഥലങ്ങളില്‍ ഭൂമി കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഐ ഐ ടിക്ക് പാലക്കാട്ട് സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും അതിലും കേരളം അവഗണിക്കപ്പെട്ടു. തിരുവനന്തപുരത്തെ നാഷനല്‍ സ്‌കൂള്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ഏക ആശ്വാസം. കൊച്ചി മെട്രോക്ക് 872 കോടി, റബ്ബര്‍ ബോര്‍ഡിന് 161 കോടി, കോഫീ ബോര്‍ഡിന് 136 കോടി, സ്‌പൈസസ് ബോര്‍ഡിന് 95 കോടി, കൊച്ചി കപ്പല്‍ ശാലയില്‍ കപ്പല്‍ നിര്‍മാണത്തിന് 40 കോടി എന്നിങ്ങനെ സംസ്ഥാനത്തെ ചില സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റിനെ ജനകീയമാക്കുക എന്നത് ഏതൊരരു സര്‍ക്കാറിനെ സംബന്ധിച്ചും വെല്ലുവിളിയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. എങ്കിലും മോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ മുമ്പിലുളള പരിമിതമായ വിഭവങ്ങളെ പ്രയോജനപ്പെടുത്തി രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ വികാരങ്ങളെ പ്രതിഫലിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ജെയ്റ്റ്‌ലി ചില പൊടിക്കൈകള്‍ കാണിച്ചു എന്നല്ലാതെ സാധാരണക്കാരന്റെ ഉന്നമനത്തിന് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടില്ല. അതേസമയം കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന പൊതു ആവശ്യം അവഗണിക്കുകയും സേവന നികുതി 12.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമായും എക്‌സൈസ് നികുതി 12.5 ശതമാനമായും ഉയര്‍ത്തുകയും ചെയ്ത ജെയ്റ്റ്‌ലിയുടെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറക്കുമെന്ന പ്രഖ്യാപനം ഉദാഹരണം.
ബജറ്റിന്റെ മുന്നോടിയായി പാര്‍ലിമെന്റില്‍ വെച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ 2015-16 വര്‍ഷത്തില്‍ 8.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും ധനക്കമ്മി മൂന്ന് ശതമാനമായി കുറക്കുമെന്നും അവകാശപ്പെടുന്നുണ്ട്. പണപ്പെരുപ്പനിരക്ക് കഴിഞ്ഞ വര്‍ഷത്തെ ആറ് ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞ കാര്യം എടുത്തു കാട്ടുകയും ചെയ്യുന്നു. എന്നാല്‍ എണ്ണ വിലയിടിവ് മൂലമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യമായത്. ഇതൊരു താത്കാലിക പ്രതിഭാസമാണ്. സമീപ ഭാവിയില്‍ തന്നെ ആഗോളവിപണിയിലെ എണ്ണവില കുതിച്ചുയര്‍ന്നേക്കാം. സാമ്പത്തിക അച്ചടക്കത്തിന് ഊന്നല്‍ നല്‍കി വളര്‍ച്ചയെ ത്വരിതപ്പെടുത്തിയെങ്കിലേ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ലക്ഷ്യം കൈവരികയുള്ളു. നികുതി പിരിവ് ഊര്‍ജജിതമാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് ഇതിനുള്ള മാര്‍ഗം.