Connect with us

Kerala

പന്ന്യനെതിരെ രൂക്ഷ വിമര്‍ശവുമായി സമ്മേളന പ്രതിനിധികള്‍

Published

|

Last Updated

കോട്ടയം: സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ നിര്‍ത്തിപ്പൊരിച്ച് സമ്മേളന പ്രതിനിധികള്‍. കോട്ടയത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിലാണ് പന്ന്യനെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സംഘടനയെ കെട്ടുറപ്പോടെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ സെക്രട്ടറി ഗുരുതര വീഴ്ച വരുത്തിയെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഫുട്‌ബോള്‍ കമന്ററിയിലും മുടിമുറിക്കലിലുമാണ് സംസ്ഥാന സെക്രട്ടറിക്ക് താത്പര്യമെന്നുവരെ ചില പ്രതിനിധികള്‍ ആക്ഷേപിച്ചു. യു ഡി എഫ് സര്‍ക്കാറിനെതിരായ സമരങ്ങളില്‍ സി പി എമ്മിന്റെ വാലായി സി പി ഐ ഒതുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുനാളായി കണ്ടുവരുന്നത്. ഡല്‍ഹിയില്‍ സി പി ഐ ആസ്ഥാനമായ അജോയ് ഭവന്‍ ആം ആദ്മി പാര്‍ട്ടിക്ക് വാടകക്ക് നല്‍കുന്നതാണ് നല്ലതെന്നും ചിലര്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ബെന്നറ്റിനു സീറ്റു കൊടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടും ഉചിതമായി നടപടി സ്വീകരിക്കാതെ സ്വന്തം ഇമേജ് സംരക്ഷിക്കാനാണ് സെക്രട്ടറി ശ്രമിച്ചതെന്നായിരുന്നു മറ്റൊരു പ്രധാന വിമര്‍ശനം. ചില നേതാക്കള്‍ കാശിന് വേണ്ടി പാര്‍ട്ടിയെ കൊന്നെന്ന് തൃശൂരില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. കരിമണല്‍ ലോബിക്ക് അനുകൂലമായി പ്രസ്താവനകള്‍ നടത്തിയ കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ ജനങ്ങള്‍ സംശയിക്കാന്‍ വഴിവെച്ചെന്ന കുറ്റപ്പെടുത്തലും പ്രതിനിധി ഉന്നയിച്ചു.
ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒറ്റപ്പെടുത്താനുള്ള ചില നേതാക്കളുടെ ശ്രമങ്ങളെയും പ്രതിനിധികള്‍ എതിര്‍ത്തു. സോളാര്‍ പ്രശ്‌നത്തിനിടെ ഇടതുമുന്നണി സമരം പിന്‍വലിച്ചത് സി പി ഐയോട് കൂടി ആലോചിച്ചിട്ടല്ലേയെന്നും പ്രതിനിധികള്‍ ചോദിച്ചു. അന്ന് അക്കാര്യം പന്ന്യന്‍ എതിര്‍ത്തില്ല. അതിന് ശ്രമിക്കാതെ ഇക്കാര്യം മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പറഞ്ഞുനടന്ന് സി പി എമ്മിനെ വിമര്‍ശിക്കുകയാണ് പന്ന്യന്‍ ചെയ്തത്. ദേശീയതലത്തില്‍ ജനകീയ പ്രശ്‌നങ്ങളൊന്നും ആരും ഏറ്റെടുക്കുന്നില്ല. ദേശീയനേതാക്കള്‍ വെറുതെ ഇരിക്കുകയാണ്. 16 ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലുങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസുമായി പാര്‍ട്ടി നയത്തിനു വിപരീതമായി സഖ്യമുണ്ടാക്കിയത് ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി ഉള്‍പ്പെടെയുള്ളവരായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന കുറ്റസമ്മതമായി സമ്മേളനം മാറി. ജനങ്ങളുമായി ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു. കേരളത്തില്‍ ഇടതുമുന്നണി ജില്ലാ ഘടകത്തിനു താഴെ സംഘടനാ സംവിധാനമില്ല. തിരഞ്ഞെടുപ്പുകാലത്ത് മാത്രമുള്ള കൂട്ടമായി മാറുന്നു. ഇടതുമുന്നണി ശൈലി മാറ്റണം. ഇടതുപക്ഷ ഐക്യം വേണമെന്ന് വാദിക്കുന്ന സി പി ഐ യഥാസമയം പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. ജനങ്ങളില്‍ നിന്നും അടുത്തനാളുകളില്‍ പാര്‍ട്ടിക്കുണ്ടായ അകല്‍ച്ച സി പി ഐയുടെ വളര്‍ച്ചക്ക് വന്‍ ക്ഷീണമുണ്ടാക്കിയെന്ന വിമര്‍ശനം പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരായി യു ഡി എഫ് മാറി. ജനകീയ പ്രശ്‌നങ്ങള്‍ പൂര്‍ണമായും മറന്നുകൊണ്ട് മാഫിയകളുടെ സംരക്ഷകരായി സര്‍ക്കാരും മന്ത്രിമാരും മാറിയിരിക്കുന്നുവെന്ന വിമര്‍ശനവും പ്രതിനിധികള്‍ നടത്തി.
എ എ പി മുന്നോട്ടുവെക്കുന്ന സാമ്പത്തിക ആശയങ്ങളോട് യോജിക്കാനാകില്ലെങ്കിലും അത്തരം പ്രസ്ഥാനങ്ങളുമായി ഫലപ്രദമായ ആശയവിനിമയങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest