അഗ്നിഗോളം കത്തിയമര്‍ന്ന ഉല്‍ക്കയാകാന്‍ സാധ്യതയെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍

Posted on: March 1, 2015 5:51 am | Last updated: March 1, 2015 at 8:53 am
SHARE

chithramതിരുവനന്തപുരം: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രാത്രി ദൃശ്യമായ അഗ്നിഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു കത്തിയമര്‍ന്ന ഉല്‍ക്ക ആകാനാണ് സാധ്യതയെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ്. ഇത് സാധാരണ അന്തരീക്ഷത്തില്‍ കാണുന്ന പ്രതിഭാസമാണെങ്കിലും, ഇത്തവണയുണ്ടായപ്പോള്‍ അതിന്റെ പ്രകാശ തീവ്രത കൂടിയിരുന്നു. അന്തരീക്ഷ ഘര്‍ഷണത്താല്‍ തീയും ഇരമ്പലും ഉണ്ടായതാണ് പരിഭ്രാന്തി പരത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെക്കു കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന 195 തീഗോളങ്ങള്‍ ഇകഴിഞ്ഞ 23ന് ആകാശത്തു കണ്ടതായി അമേരിക്കന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദീര്‍ഘസമയം ആകാശത്തു പ്രത്യക്ഷപ്പെടുന്നതും ദീര്‍ഘദൂരം സഞ്ചരിക്കുന്നതുമായ ഉല്‍ക്കകളായിരുന്നു അത്. കേരളത്തില്‍ കണ്ടതും അത്തരത്തിലാകാനാണ് സാധ്യത. ചൈനയുടെ ഒരു കൃത്രിമ ഉപഗ്രഹം തകര്‍ന്നു വീഴുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും അതുമായി ഇതിനു ബന്ധമില്ല. ഭൂഖണ്ഡത്തിനടുത്താണ് അതു പതിക്കുക. ഫെബ്രുവരി 24 ന് അതു വീണിട്ടുണ്ടാകും.
നാസയുടെ ഓര്‍ബിറ്റല്‍ ഡെബ്രിസ് പ്രോഗ്രാം ഓഫീസ് ഭൂമിയുടെ ആകാശത്തിലേക്ക് കടക്കുന്ന ഇത്തരം അവശിഷ്ടങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ മുന്നറിപ്പ് പരിശോധിച്ചിട്ട് പ്രതേ്യക സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ആസ്‌ട്രോയിഡുകള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉപഗ്രഹാവശിഷ്ടങ്ങള്‍ എന്നിവ ഭൂമിയില്‍ പതിച്ചാല്‍ അത് അപകടങ്ങള്‍ ഉണ്ടാക്കാം. വീഴുന്ന വസ്തുവിന്റെ വലുപ്പമനുസരിച്ച് അപകടത്തിന്റെ കാഠിന്യവും കൂടും. ഉല്‍ക്കാപതനം കൊണ്ട് ഭൂമികുലുക്കം ഉണ്ടാകില്ല. എന്നാല്‍ പതിക്കുന്ന വസ്തു വളരെ വലുപ്പമുള്ളതാണെങ്കില്‍ അതിന്റെ വീഴ്ചകൊണ്ടു പ്രകമ്പനങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞ ദിവസം നേരിയ തോതിലുള്ള കമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതൊന്നും പ്രകമ്പനം രേഖപ്പെടുത്തുന്ന ഉപകരണങ്ങളില്‍ പ്രകടമായി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും അസ്ഥാനത്താണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അവ വീഴുമ്പോള്‍ ഘര്‍ഷണം മൂലം കത്തി ചാമ്പലാവുകയാണ് പതിവ്. ഇത്തരം അപകടകാരികളായ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തിലേക്കു കടക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളും അപായസൂചന നല്‍കുന്നുണ്ട്. ഭൂമിയില്‍ പതിക്കുന്ന അവശിഷ്ടങ്ങള്‍ എന്തു തന്നെയായാലും അതില്‍ സ്പര്‍ശിക്കുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യപൂര്‍വമായി കാണുന്ന വസ്തുക്കളെപ്പറ്റിയുള്ള വിവരം റവന്യൂ, പോലീസ് അധികാരികളെ അറിയിക്കണം. ഉല്‍ക്കാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവയാണ്. ഉപഗ്രഹാവശിഷ്ടങ്ങളും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഉല്‍ക്കാപതനം പേലെയുള്ള പ്രതിഭാസങ്ങള്‍ ചില കാലങ്ങളില്‍ വര്‍ധിച്ചിരിക്കും. ചില വാല്‍നക്ഷത്രങ്ങളുടെ ആഗമനത്തോടെയും അതുണ്ടാകാറുണ്ട്. ഭാരമേറിയ വസ്തുക്കള്‍ ഭൂമിയോട് അടുത്തു വരുന്നത് സദാ നിരീക്ഷിക്കുന്നതുകൊണ്ട് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയുമെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.