Connect with us

Kerala

ആകാശത്തെ തീഗോളം: വിദഗ്ധര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു

Published

|

Last Updated

കൊച്ചി: വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആകാശത്തു നിന്ന് തീഗോളങ്ങള്‍ പതിച്ച പ്രദേശങ്ങള്‍ വിദഗ്ധര്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ചു. എറണാകുളം ജില്ലയില്‍ തീഗോളം പതിച്ചുവെന്ന് നാട്ടുകാര്‍ അറിയിച്ചിട്ടുള്ള നോര്‍ത്ത് പറവൂരിലെ കരുമാല്ലൂര്‍, കോലഞ്ചേരിക്കടുത്ത് വലമ്പൂര്‍ എന്നിവിടങ്ങളിലാണ് ശാസ്ത്രജ്ഞരടക്കമുള്ള സംഘം പരിശോധന നടത്തിയത്.
കരുമാല്ലൂര്‍ പുതുക്കാട് ജുമാമസ്ജിദിനു സമീപം നീറിക്കോട് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള നാലു സെന്റ് സ്ഥലം ഉല്‍ക്ക വീണതിനെ തുടര്‍ന്ന് തീപിടിച്ച് കത്തിക്കരിഞ്ഞ നിലയിലാണ്. ദുരന്തനിവാരണ അതോറിറ്റിയിലേയും ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് വിഭാഗത്തിലേയും റവന്യൂവകുപ്പിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഉള്‍ക്ക വീണതിന്റെ ഒരു തെളിവും ലഭിച്ചില്ല.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ.കെ ആര്‍ പ്രവീണ്‍, ജിയോളജിസ്റ്റുമാരായ ഉദയ്‌നാരായണന്‍, ദീപാഞ്ചന്‍് ഘോഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവന്‍ ഡോ.ശേഖര്‍, എല്‍ കുര്യാക്കോസ്, റിസര്‍ച്ച് ഓഫീസര്‍ ജി എസ് പ്രദീപ്, പറവൂര്‍ തഹസില്‍ദാര്‍ പി പത്മകുമാര്‍ എന്നിവരടങ്ങുന്ന സംഘം ഇന്നലെ വൈകീട്ടാണ് ഇവിടെ പരിശോധന നടത്തിയത്. ഉല്‍ക്കയുടെ അവശിഷ്ടം ലഭിച്ചില്ലെങ്കിലും മണ്ണിന്റെ സാമ്പിളുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. ഉല്‍ക്ക ഭൂമിയില്‍ പതിക്കുമ്പോഴേക്കും അതിന്റെ ചൂട് കുറയുമെന്നും ഉല്‍ക്ക വീണ് തീപിടിക്കാന്‍ സാധ്യത ഇല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഉല്‍ക്ക വീണെന്ന അഭ്യൂഹം പരന്നതോടെ നൂറു കണക്കിനു ആളുകളാണ് കരുമാല്ലൂര്‍ പുതുക്കാട് പ്രദേശത്ത് ഇന്നലെ രാവിലെ മുതല്‍ തടിച്ചു കൂടിയത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ വലിയ പ്രകാശത്തോടെ ആകാശത്തു നിന്നു എന്തോ വസ്തു വരുന്നതായി കണ്ടെന്നും തുടര്‍ന്ന് ഈ സ്ഥലത്ത് പതിച്ചു തീപടര്‍ന്നതായും ദൃക്‌സാക്ഷിയായ പറയന്റെപള്ളംവീട്ടില്‍ നിഷാദ് പറഞ്ഞു. തുടര്‍ന്നു നിഷാദും അയല്‍വാസികളായ ദിവാകരന്‍, രാധാകൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് വെള്ളം പമ്പു ചെയ്ത് തീ അണക്കുകയായിരുന്നു.

Latest