ചൈനയെ തടയാന്‍ ഇറക്കുമതി തീരുവ ആയുധം

Posted on: March 1, 2015 12:42 am | Last updated: March 1, 2015 at 12:52 am

arun-jaitley_budget2015ന്യൂഡല്‍ഹി: ചൈനയുടെ ‘കടന്നു കയറ്റം’ തടയാന്‍ ഇറക്കുമതി തീരുവ ആയുധമാക്കി അരുണ്‍ ജെയ്റ്റ്‌ലി. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വിലകുറഞ്ഞ ഉരുക്ക് എത്തുന്നത് ആഭ്യന്തര ഉരുക്കു നിര്‍മാതാക്കളെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഉരുക്കിന്റെ ഇറക്കുമതി തീരുവ കൂട്ടിയത്. ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് ശതമാനം വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ ഉരുക്കിന്റെ ഇറക്കുമതി തീരുവ 10 ശതമാനമാണ്.
ലോകത്ത് ഉരുക്ക് ഉത്പാദനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്ക്. പുതിയ നീക്കം ആഭ്യന്തര ഉത്പാദകര്‍ക്ക് ഏറെ ആശ്വാസകരമാണ്. മെറ്റാലര്‍ജിക്കല്‍ കല്‍ക്കരിയുടെ തീരുവ 2.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്.

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വന്‍ തുക നീക്കി വെച്ചു. പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം. ബജറ്റില്‍ ഇതിന് വേണ്ടി 34,699 കോടി നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്, ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് അര്‍ഹമായ വില നല്‍കണം. കര്‍ഷകരുടെ വരുമാനും വര്‍ധിക്കും. ഇതിന് അടിയന്തരമായി രാജ്യത്ത് തന്നെ കാര്‍ഷിക വിപണി തുറക്കണം. ഇത് കര്‍ഷകര്‍ക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പു പദ്ധതിക്ക് 5,000 കോടി അധികമായി വകയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശോക ചക്രം പതിച്ച സ്വര്‍ണ നാണയങ്ങള്‍,
സ്വര്‍ണം നിക്ഷേപമാക്കാന്‍ പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെയും ബേങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണം നിഷ്‌ക്രിയ ആസ്തിയായി മാറുന്നത് തടയാനുള്ള നിര്‍ദേശങ്ങളാല്‍ സമ്പന്നമാണ് അരുണ്‍ ജെയ്റ്റിലിയുടെ ആദ്യ സമ്പൂര്‍ണ ബജറ്റ്. സ്വര്‍ണം നിക്ഷേപിച്ച് പലിശ വരുമാനം നേടാവുന്ന പദ്ധതിയാണിതില്‍ പ്രധാനം. വ്യക്തികള്‍ക്ക് മാത്രമല്ല ജ്വല്ലറികള്‍, ബേങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും ഇത്തരത്തില്‍ സ്വര്‍ണം നിക്ഷേപിച്ച് വരുമാനം നേടാം.
ഗോള്‍ഡ് ബോണ്ട് സംവിധാനവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിന് പകരം ഗോള്‍ഡ് ബോണ്ടുകള്‍ നിക്ഷേപകന് വാങ്ങി സൂക്ഷിക്കാം. നിശ്ചിത നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടുകള്‍ വിറ്റ് പണമാക്കുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ വില ലഭിക്കുകയും ചെയ്യും. അശോകചക്രം പതിച്ച സ്വര്‍ണ നാണയങ്ങള്‍ (ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍) പുറത്തിറക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.