എസ് സി, എസ് ടി സംരംഭകരെ ലക്ഷ്യമിട്ട് മുദ്ര ബേങ്ക്

Posted on: March 1, 2015 12:45 am | Last updated: March 1, 2015 at 12:57 am

budget 2014ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗക്കാരിലെ പുതുസംരഭകരെ ലക്ഷ്യം വെച്ച് മുദ്ര ബേങ്കുമായി കേന്ദ്രം. തുടക്കത്തില്‍ 20000 കോടി രൂപയുടെ വായ്പ നല്‍കാനുള്ള സൗകര്യങ്ങളുമായാണ് ബേങ്ക് പ്രവര്‍ത്തിക്കുക.
ചെറുകിട സംരഭകരെ പ്രത്സോഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് മുദ്ര ബേങ്ക് പ്രവര്‍ത്തിക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. പട്ടികജാതി, വര്‍ഗക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുക. സമഗ്ര വളര്‍ച്ചയാണ് വികസനം കൊണ്ടുണ്ടാകേണ്ടത്. ഇതില്‍ കോര്‍പറേറ്റുകളും മറ്റ് വ്യവസായ സംരംഭകരുമാണ് വലിയ പങ്ക് വഹിക്കുന്നത്. പരമാവധി തൊഴില്‍ നല്‍കുന്ന അനൗപചാരിക മേഖലകളും കടന്നുവരേണ്ടതുണ്ട്. രാജ്യത്ത് 5.77 കോടി ചെറുകിട വ്യവസായ യൂനിറ്റുകളുണ്ട്. അതില്‍ ഭൂരിപക്ഷവും വ്യക്തികളുടെ ഉടമസ്ഥതയിലാണ്. ചെറുകിട നിര്‍മാണവും പരിശീലന വ്യവസായങ്ങളും ഉണ്ട്. ഇവയില്‍ 62 ശതമാനവും പട്ടികജാതി, വര്‍ഗക്കാരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. ആദ്യ തലമുറ സംരംഭകരാകാന്‍ കഴിവുള്ള വിദ്യാസമ്പന്നരും പ്രതിഭാശാലികളുമായ യുവ തൊഴിലാളികള്‍ക്ക് ഏറെ ആത്മവിശ്വാസം ഉണ്ടാക്കുന്ന പദ്ധതിയാണിത്. നിലവിലെ ചെറുകിട വ്യവസായത്തിന് വളരാനും സാധിക്കും. ജെയ്റ്റ്‌ലി പറഞ്ഞു.