Connect with us

National

സിംഹഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ സ്വപ്‌നങ്ങളുമായി നിലവിലെ അടിസ്ഥാന സൗകര്യം ഒരു നിലക്കും പൊരുത്തപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യം ഉറപ്പിക്കുന്ന തരത്തില്‍, പൊതുബജറ്റിന്റെ സിംഹഭാഗവും നീക്കിവെച്ചത് അടിസ്ഥാന സൗകര്യവികസനത്തില്‍. 70,000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ നടത്തുക.
അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വളരെ പ്രധാനപ്പെട്ട വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നത് സ്വകാര്യമല്ല. രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ല. പൊതു നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു- സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കണം. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം ഉയര്‍ത്തുന്നത് ഇപ്പോള്‍ മന്ദീഭവിച്ചിരിക്കുന്നു. പൊതു നിക്ഷേപം ഉയര്‍ത്തി ഈ പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. 2015-16 കാലയളവില്‍ 70,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തും. ജെയ്റ്റ്‌ലി പറഞ്ഞു.
റോഡ് സൗകര്യ വികസനത്തിന് 14031 കോടിയും റെയില്‍വേക്ക് 10050 കോടിയും അനുവദിച്ചിട്ടുണ്ട്. പൊതുമേഖലയുടെ പദ്ധതി ചെലവ് 3,17,889 കോടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80844 കോടി അധികമാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന് നീഫ് (ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ട്) എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വര്‍ഷം 20000 കോടി രൂപ വീതം ഈ ഫണ്ടിലേക്ക് ഒഴുകുന്നതിന് പണം കണ്ടെത്തും. കട പരിധി ഉയര്‍ത്തുന്നതിന് ഇത് മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യ ധനകാര്യ സ്ഥാപനങ്ങളായ ഐ ആര്‍ എഫ് സി, എന്‍ എച്ച് ബി തുടങ്ങിയവയില്‍ നിക്ഷേപം നടത്താം. റെയില്‍, റോഡ്, ജലസേചന പദ്ധതികള്‍ക്ക് നികുതിരഹിത അടിസ്ഥാന സൗകര്യ ബോണ്ടുകള്‍ അനുവദിക്കും. പൊതു സ്വകാര്യ പങ്കാളിത്തം പുനര്‍ജനിപ്പിക്കേണ്ടതുണ്ട്. ഉത്തരവാദിത്വം ഒത്തുകൊണ്ടുപോകുകയെന്ന വിഷയമേ ഇപ്പോഴുള്ളൂ.
അഞ്ച് പുതിയ വന്‍കിട ഊര്‍ജ പദ്ധതികള്‍ ആരംഭിക്കും. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇവക്ക് നടത്തുക. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള തുറമുഖങ്ങള്‍ കോര്‍പറേറ്റ്‌വത്കരിക്കുന്നതിന് അവയെ കമ്പനികളാക്കും. ബന്ധിപ്പിക്കാത്ത നിലയിലുള്ള 178000 റോഡുകളും ബന്ധിപ്പിക്കും. ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് ബന്ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് കൂടി നിര്‍മിക്കുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.