കാശ്മീരിന് എയിംസും ഐ ഐ എമ്മും

Posted on: March 1, 2015 12:40 am | Last updated: March 1, 2015 at 12:57 am

budget 2014ന്യൂഡല്‍ഹി: ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ ഐ ഐ എം എസ്), ഐ ഐ എം, ഐ ഐ ടി, എന്നീ സ്ഥാപനങ്ങള്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമഴ്‌നാട്, ജമ്മു കാശ്മീര്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആരംഭിക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.
തമിഴ്‌നാട്, ജമ്മു കാശ്മീര്‍, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് എ ഐ ഐ എം എസ് അനുവദിച്ചിട്ടുള്ളത്. എയിംസിന് സമാനമായ സ്ഥാപനം ബീഹാറിന് അനുവദിച്ചിട്ടുണ്ട്. കര്‍ണാടകക്ക് പുതിയ ഐ ഐ ടി അനുവദിച്ചതിന് പുറമെ ഐ എസ് എം ധന്‍ബാദിനെ ഐ ഐ ടി ഉയര്‍ത്തും. കാശ്മീരിനും ആന്ധ്രപ്രദേശിനും ഐ ഐ എം അനുവദിച്ചു. അരുണാചല്‍ പ്രദേശില്‍ സെന്റര്‍ ഫോര്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് ആനിമേഷന്‍ പഠനത്തിനും അവസരമൊരുക്കും.
തുടര്‍ പഠനം വഴിമുട്ടാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിദ്യാലക്ഷ്മി പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഐ ടി അടിസ്ഥാനാമാക്കിയുള്ള സാമ്പത്തിക സഹായം നല്‍കമെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കായി ആകെ നീക്കിയിരിക്കുന്നത് 68,968 കോടി രൂപയാണ്.