മെക്‌സിക്കോയില്‍ കുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് പിടിയില്‍

Posted on: March 1, 2015 12:31 am | Last updated: March 1, 2015 at 12:31 am

മെക്‌സിക്കോ സിറ്റി : മെക്‌സിക്കോയില്‍ കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് രാജാവ് പിടിയില്‍. സെര്‍വാന്റോ ലാ ടുട ഗോമസ് എന്നയാളാണ് പിടിയിലായത്. മൈകോകാന്‍ സംസ്ഥാനത്തെ അടക്കി ഭരിച്ചിരുന്ന 49കാരനും മുന്‍ അധ്യാപകനുമായ ഗോമസ് , പ്രസിഡന്റ് എന്റിക്വ പെന നീറ്റോയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഗോമസിന്റെ മയക്കുമരുന്ന് സംഘം സായുധ സേനയയുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ 43 ട്രെയിനി അധ്യാപകരെ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് സംഘം കൂട്ടക്കൊല നടത്തിയത് രാജ്യത്തെങ്ങും വന്‍ രോഷത്തിന് കാരണമായിരുന്നു. സംഭവം നീറ്റോയെ വന്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോമസിനെ പിടികൂടി മെകോകാന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമം നീറ്റോ ഊര്‍ജിതമാക്കിയത്. മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിന് ശേഷമാണ് മൈകോകാന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൊറീലിയയിലെ ഒരു വീട്ടില്‍വെച്ച് ഗോമസും ചില കൂട്ടാളികളും പിടിയിലാകുന്നത്. ഏറ്റുമുട്ടലില്ലാതെയാണ് ഇയാള്‍ കീഴടങ്ങിയത്. ഗോമസ് പിടിയിലായതോടെ രാജ്യത്തെ ഭരണവും നിയമവും ശക്തിപ്പെട്ടുവെന്നും മെക്‌സിക്കോയെ സമാധാനത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നീറ്റോ ട്വിറ്ററില്‍ കുറിച്ചു. മയക്കുമരുന്ന് കടത്ത് കേസില്‍ അമേരിക്കയും അന്വേഷിച്ചുവരുന്നയാളാണ് ഏഴ് കുട്ടികളുടെ പിതാവായ ഗോമസ്. 2009ല്‍ 12 മെക്‌സിക്കന്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലും ഗോമസിന് പങ്കുണ്ട്. മെക്‌സിക്കന്‍ അധിക്യതര്‍ ഇയാളുടെ തലക്ക് രണ്ട് മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.