ആതിഥേയരുടെ ത്രില്ലറില്‍ കിവീസ്

Posted on: March 1, 2015 12:02 am | Last updated: March 1, 2015 at 12:26 am

Australia v New Zealand - 2015 ICC Cricket World Cupഓക്‌ലന്‍ഡ്: ലോകകപ്പ് ആതിഥേയര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ‘ചെറിയൊരു’ ത്രില്ലര്‍ ! കുറഞ്ഞ സ്‌കോറിംഗ് കണ്ട മത്സരത്തില്‍ കിവീസിന് ഒരു വിക്കറ്റിന്റെ ആവേശകരമായ ജയം. തുടരെ മൂന്നാം ജയത്തോടെ കിവീസ് പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തി. ഇതോടൊപ്പം ചാപ്പല്‍-ഹാഡ്‌ലീ ട്രോഫിയും ന്യൂസിലാന്‍ഡിന് ലഭിച്ചു.
സ്‌കോര്‍ : ആസ്‌ത്രേലിയ 32.2 ഓവറില്‍ 151. ന്യൂസിലാന്‍ഡ് 23.1 ഓവറില്‍ ഒമ്പത് വിക്കറ്റിന് 152.
പത്തോവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത കിവീസ് പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ടാണ് മാന്‍ ഓഫ് ദ മാച്ച്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ചും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 9 ഓവറില്‍ 28ന് ആറ് വിക്കറ്റെടുത്ത സ്റ്റാര്‍ചാണ് ആസ്‌ത്രേലിയക്ക് തിരിച്ചുവരവൊരുക്കിയത്. എന്നാല്‍, ന്യൂസിലാന്‍ഡിന്റെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ കാന്‍ വില്യംസണ്‍ പുറത്താകാതെ നേടിയ 45 റണ്‍സ് ആസ്‌ത്രേലിയയുടെ വിജയ സ്വപ്‌നം തകര്‍ത്തു.
അസാധ്യ ഫോമിലേക്കുയര്‍ന്ന മിച്ചല്‍ സ്റ്റാര്‍ച് വിജയം തട്ടിപ്പറിക്കുമെന്ന ഘട്ടത്തില്‍ പാറ്റ് കുമ്മിന്‍സിന്റെ ഏഴാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പായിച്ച് കാന്‍ വില്യംസണ്‍ അപകടം ഒഴിവാക്കി. ഒമ്പത് വിക്കറ്റിന് 146 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സമ്മര്‍ദങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്ന വിജയ സിക്‌സര്‍ വില്യംസണ്‍ മിഡ് ഓണിന് മുകളിലൂടെ പറത്തിയത്.
താരതമ്യേന കുറഞ്ഞ ടോട്ടല്‍ പിന്തുടര്‍ന്ന കിവീസ് ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മെക്കല്ലത്തിന്റെ നേതൃത്വത്തില്‍ അതിവേഗം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സറില്‍ കൈക്ക് പരുക്കേറ്റതൊന്നും മെക്കല്ലത്തെ പിറകോട്ടടിപ്പിച്ചില്ല. 24 പന്തുകളിലാണ് മെക്കല്ലം അര്‍ധസെഞ്ച്വറി തികച്ചത്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് മെക്കല്ലത്തിന്റെ ഫിഫ്റ്റി ഇന്നിംഗ്‌സ്. കുമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ച് പിടിച്ചാണ് മെക്കല്ലം പുറത്തായത്. ക്യാപ്റ്റന്‍ മടങ്ങുമ്പോള്‍ 78ന് രണ്ട് എന്ന സുരക്ഷിതമായ നിലയിലായിരുന്നു കിവീസ്.
ആദ്യ വിക്കറ്റ് നഷ്ടമായത് നാല്‍പത് റണ്‍സിലാണ്. ഓപണര്‍. മാര്‍ട്ടിന്‍ ഗുപ്ടിലിനെ (11) സ്റ്റാര്‍ച് പുറത്താക്കുകയായിരുന്നു. ആസ്‌ത്രേലിയ പിടിമുറുക്കിയത് റോസ് ടെയ്‌ലറെയും (1), എലിയറ്റിനെ (0)യും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ച് പുറത്താക്കിയതോടെയാണ്. 79ന് നാല് എന്ന നിലയിലേക്ക് കിവീസ് തകര്‍ന്നു.
എന്നാല്‍, കോറി ആന്‍ഡേഴ്‌സനും (26) കാന്‍ വില്യംസണും രക്ഷാദൗത്യം ഏറ്റെടുത്തു. സ്‌കോര്‍ 131 ലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ആന്‍ഡേഴ്‌സന്‍ മാക്‌സ്‌വെലിന്റെ പന്തില്‍ കുമിന്‍സിന് ക്യാച്ചാവുകയായിരുന്നു. ഇവിടെ നിന്ന് കിവീസ് പതിയെ തോല്‍വി മുഖാമുഖം കാണുന്ന വിധം തകര്‍ന്നു. ലൂക് റോഞ്ചി (6), ആദം മില്‍നെ (0), ടിം സൗത്തി (0) എന്നിവരെ സ്റ്റാര്‍ച് പുറത്താക്കി. രണ്ട് റണ്‍സെടുത്ത വെറ്റോറിയുടെ വിക്കറ്റ് കുമിന്‍സും വീഴ്ത്തി. 6-139, 7-145, 8-146, 9-146 ഇങ്ങനെയായിരുന്നു ആ തകര്‍ച്ച.
വിജയം ആറ് റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ കിവീസ് യഥാര്‍ഥത്തില്‍ പരാജയം മണത്തിരുന്നു. സ്‌ട്രൈക്ക് മാറിയാല്‍ ബാറ്റ് ചെയ്യേണ്ടത് വാലറ്റക്കാരന്‍ ട്രെന്‍ഡ് ബൗള്‍ട്ടാണെന്നത് കാന്‍ വില്യംസനെ സിക്‌സറിന് പ്രേരിപ്പിച്ചു.
ക്രിക്കറ്റ് ലോകം മുഴുവന്‍ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴാണ് കുമിന്‍സിനെ കാണിക്കൂട്ടത്തിലേക്ക് പറത്തി കാന്‍ വില്യംസന്‍ ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടിയ ആ വിജയ സിക്‌സര്‍ പറത്തിയത്. ആസ്‌ത്രേലിയന്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയത് മിച്ചല്‍ ജോണ്‍സനാണ്.
ആറോവറില്‍ 68 റണ്‍സാണ് സൂപ്പര്‍ പേസര്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനുമായില്ല.
ആസ്‌ത്രേലിയന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനാണ്.
ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് 12 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആരോന്‍ ഫിഞ്ച് (14), വാര്‍ണര്‍ (34), വാട്‌സന്‍ (23), സ്റ്റീവന്‍ സ്മിത്ത് (4), മാക്‌സ്‌വെല്‍ (1), മിച്ചല്‍ മാര്‍ഷ് (0), ജോണ്‍സന്‍ (1), സ്റ്റാര്‍ച് (0), കുമിന്‍സ് (7 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. കിവീസ് ബൗളിംഗില്‍ വെറ്റോറിയും സൗത്തിയും രണ്ട് വിക്കറ്റ് വീതം നേടി. അവസാനം പുറത്തായ ബ്രാഡ് ഹാഡിന്റെ വിക്കറ്റ് കോറി ആന്‍ഡേഴ്‌സന്.