യുഎഇയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

Posted on: March 1, 2015 12:23 am | Last updated: March 1, 2015 at 8:47 am

ind vs uaeപെര്‍ത്ത്: ഒരു പ്രാക്ടീസ് മാച്ച് പോലും ആയില്ല. യു എ ഇയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പതിനൊന്നാമത് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ അനായാസം ഉറപ്പിച്ചു. പൂള്‍ ബിയില്‍ തുടരെ മൂന്നാം ജയം നേടിയ ഇന്ത്യ ആറ് പോയിന്റുമായി മുന്നിട്ട് നില്‍ക്കുന്നു. മൂന്നിലും തോറ്റ യു എ ഇയുടെ സാധ്യത അടഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളില്‍ സിംബാബ്‌വെയോടും അയര്‍ലന്‍ഡിനോടും പൊരുതിത്തോറ്റ യു എ ഇക്ക് ലോകചാമ്പ്യന്‍മാര്‍ക്കെതിരെ കാഴ്ചക്കാരാകേണ്ടി വന്നു. 10 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റെടുത്ത സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ മാന്‍ ഓഫ് ദ മാച്ചായി.
ആദ്യം ബൗളിംഗിലും പിന്നീട് ബാറ്റിംഗിലും ആധികാരികത പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ജയം. അശ്വിന്റെ സ്പിന്നിന് മുന്നില്‍ പതറിയ യുഎ ഇയ്ക്ക് 31.3 ഓവറില്‍ 102 റണ്‍ മാത്രമാണ് നേടാനായത്. ഇന്ത്യ 18.5 ഓവറില്‍ ശിഖര്‍ ധവാന്റെ(14) മാത്രം വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ ഇത്തവണ നിരാശപ്പെടുത്തിയില്ല. 55 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത രോഹിതാണ് ടോപ്‌സ്‌കോറര്‍. വിരാട് കോലി 41 പന്തില്‍ നിന്ന് 33 റണ്ണെടുത്തു. 75 റണ്ണാണ് രണ്ടാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട്.
ഷൈമാന്‍ അന്‍വറിന് മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെ പേരിനെങ്കിലും ചെറുത്തു നില്‍ക്കാന്‍ സാധിച്ചത്. വാലറ്റക്കാരന്‍ മഞ്ജുള്‍ ഗുരുഗെയ്‌ക്കൊപ്പം 31 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഷൈമാനാണ് യു എ ഇ.യുടെ സ്‌കോര്‍ 100 കടത്തിയത്. ഗുരുഗെ 16 പന്തില്‍ നിന്ന് 10 റണ്ണെടുത്ത് പുറത്താകാതെ നിന്നു. 28 പന്തില്‍ നിന്ന് 14 റണ്ണെടുത്ത ഖുറാം ഖാനാണ് രണ്ടക്കം കടന്ന മറ്റൊരു യു എ ഇ ബാറ്റ്‌സ്മാന്‍. മലയാളിതാരം കൃഷ്ണചന്ദ്രന്‍ ഉള്‍പ്പെടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്മാരും നാലു റണ്ണിനാണ് മടങ്ങിയത്. മറ്റൊരു ഇന്ത്യന്‍ താരം സ്വപ്‌നില്‍ പാട്ടില്‍ ഏഴു റണ്ണെടുത്ത് മടങ്ങി.
ഉമേഷ് യാദവും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാറും മോഹിത് ശര്‍മയും ഒാേരാ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഓവറില്‍ മികച്ചൊരു ബൗണ്‍സറിലൂടെ ഓപ്പണര്‍ ബെറിങ്ഗറെ ധോനിയുടെ കൈയിലെത്തിച്ച ഉമേഷ് യാദവാണ് യു.എ.യുടെ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. മുഹമ്മദ് ഷമിക്ക് പകരം ടീമിലെത്തിയ ഭുവനേഷ് കുമാറും നന്നായെറിഞ്ഞു. അഞ്ചോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റാണ് ഭുവനേശ്വറിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്.
103 റണ്‍സ് എന്ന ചെറിയ സ്‌കോര്‍ ലക്ഷ്യമിട്ട ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്ടപ്പെട്ടതു മാത്രമാണ് ഏക തിരിച്ചടി. 17 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ധവാനെ മുഹമ്മദ് നവീദിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ റോഹനാണ് മടക്കിയത്.