Connect with us

Kerala

മാധ്യമങ്ങള്‍ക്ക് മേല്‍ ജനങ്ങള്‍ സമ്മര്‍ദ്ദ ശക്തിയാകണം: അജിത് സാഹി

Published

|

Last Updated

താജുല്‍ ഉലമാനഗര്‍: മാധ്യമങ്ങള്‍ക്കു മേല്‍ പൊതുസമൂഹം സമ്മര്‍ദ്ദശക്തിയാകണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അജിത്‌സാഹി. മാധ്യമപ്രവര്‍ത്തനത്തില്‍ കോര്‍പ്പറേറ്റ്‌വത്കരണം വര്‍ധിച്ചതോടെ വസ്തുതകള്‍ തമസ്‌കരിക്കുന്ന പ്രവണത വ്യാപിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ക്കെതിരായ ഒരു മുന്നേറ്റം ജനങ്ങള്‍ രൂപപ്പെടുത്തണം. ഭരണകൂടവും പോലീസും നല്‍കുന്ന പ്രസ്താവനകള്‍ മാത്രമായി വാര്‍ത്തകള്‍ പരിമിതപ്പെടുന്നത് ആശങ്കജനകമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, ഉദ്യോഗസ്ഥ, പോലീസ് ഉന്നത വൃത്തങ്ങള്‍ ചേര്‍ന്ന് വാര്‍ത്തകള്‍ മറച്ചുവെക്കുകയാണ്. അവരുടെ പ്രസ്താവനകള്‍ മാത്രം വാര്‍ത്തയാകുമ്പോള്‍ അതിനെ പരസ്യങ്ങളായി മാത്രമെ കാണാന്‍ കഴിയൂ. ഭീകരതയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വലിയ ഉദാഹരണം. സുഹ്‌റാബുദ്ദീന്‍ വധം നടന്ന് നാല് വര്‍ഷം കഴിഞ്ഞാണ് ഏറ്റുമുട്ടല്‍ നാടകമായിരുന്നുവെന്ന് ചില മാധ്യമങ്ങളെങ്കിലും എഴുതിയത്. നേരത്തെ തന്നെ ഇത് പുറത്ത് കൊണ്ടുവന്നിരുന്നെങ്കില്‍ കുറെ പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു.
ചത്തീസ്ഗഢില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ക്ക് യാതാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. യതാര്‍ഥ മാവോയിസ്റ്റുകളെ തൊടാന്‍ പോലീസിനോ സൈന്യത്തിനോ കഴിയില്ല. നിരപരാധികളായ ആദിവാസികളെ കൊലപ്പെടുത്തി മാവോയിസ്റ്റുകളായി ചിത്രീകരിക്കുന്നു. കാശ്മീര്‍ താഴ്‌വരയില്‍ സംഭവിക്കുന്നതും സമാനമാണ്. സ്ത്രീകളെയും കുട്ടികളെ പോലും സൈന്യവും പോലീസും വെറുതെ വിടുന്നില്ല. നിരപരാധികളെ കള്ളക്കേസില്‍ കൂടി ജയിലില്‍ അടച്ചാണ് കൂടംകുളം ആണവ നിലയം സംരക്ഷിക്കുന്നത്. ഇതിന് പിന്നിലെ വസ്തുതകളൊന്നും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്നില്ല.
സര്‍ക്കാര്‍ പറയുന്നത് പ്രസിദ്ധീകരിക്കുന്ന സാഹചര്യം ഇല്ലാതാകണം. മാധ്യമങ്ങള്‍ ജനങ്ങളുടേതാണ്. ഒരിക്കലും അത് ഭരണകൂടങ്ങളുടേതാകരുത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ ജനങ്ങളും തയാറാകണം. ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോഴും ശരിതെറ്റുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ വായനക്കാര്‍ ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കുന്ന ജനതയാണ് വേണ്ടതെന്നും എന്തും വെട്ടി വിഴുങ്ങുന്ന ഉപഭോക്തൃസമൂഹമായി വായനക്കാര്‍ മാറരുതെന്നും സെമിനാറില്‍ സംസാരിച്ച എഴുത്തുകാരന്‍ കെ ഇ എന്‍ അഭിപ്രായപ്പെട്ടു. നവഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയതോടെ ചരിത്രം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ റോള്‍ അവര്‍ വഹിക്കുന്നുണ്ടോയെന്ന പരിശോധനകള്‍ വേണമെന്ന് മലയാള മനോരമ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജെ ജോഷ്വ പറഞ്ഞു. വിമര്‍ശനം ആരും ഇഷ്ടപ്പെടുന്നില്ല. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ പോലും ആഗ്രഹിക്കാത്ത രാഷ്ട്രീയനേതാക്കളാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷ പത്രപ്രവര്‍ത്തനമല്ല, ശരിപക്ഷ പത്രപ്രവര്‍ത്തനമാണ് വേണ്ടതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എ ജെ ഫിലിപ്പ് പറഞ്ഞു. മാധ്യമങ്ങളെ തിരുത്താന്‍ ജനങ്ങള്‍ തയാറായാല്‍ തമസ്‌കരിക്കപ്പെടുന്ന പ്രവണത ഇല്ലാതാകുമെന്ന് കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രീകരിക്കപ്പെടുന്ന മാധ്യമ മേഖല അധികാരത്തോടും മൂലധനത്തോടും ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണുള്ളതെന്ന് കീനോട്‌സ് അവതരിപ്പിച്ച എസ് ശറഫുദ്ദീന്‍ പറഞ്ഞു. സി മുഹമ്മദ് ഫൈസി അധ്യക്ഷനായിരുന്നു.

Latest