എയിംസും ഐ ഐ ടിയുമില്ല, റബ്ബറിനെയും കൈവിട്ടു

Posted on: February 28, 2015 1:03 pm | Last updated: March 1, 2015 at 8:46 am

iit

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകളോട് നീതി പുലര്‍ത്താതെ മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ പൊതുബജറ്റ്. എയിംസ് ഉള്‍പ്പെടെ ഏറെ പ്രതീക്ഷകളോടെ പൊതുബജറ്റിനെ കാത്തിരുന്ന കേരളത്തിന് ലഭിച്ച പതിവുപോലെ തികഞ്ഞ അവഗണന. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്ന എയിംസും ഐ ഐ ടിയും അവഗണിച്ച ബജറ്റ് ഒപ്പം റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തണമെന്ന ആവശ്യവും ആരോഗ്യ പൈതൃക കേന്ദ്ര പദവി എന്ന ആവശ്യവും നിരാകരിച്ചു. മറ്റുപല സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിച്ചപ്പോഴാണ് സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ സ്വീകരിച്ച കേരളത്തെ ഒഴിവാക്കിയത്. കൊച്ചി മെട്രോക്കുള്ള നിക്ഷേപമുള്‍പ്പെടെ 3308.19 കോടി രൂപയാണ് ബജറ്റില്‍ ലഭിച്ചത്.

കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ കേരളത്തിന്റെ വിഹിതം 13,121.77 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5195.48 കോടി രൂപയാണ് നികുതി വിഹിതത്തിലെ വര്‍ധന.
എച്ച് എം ടി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി കൂടുല്‍ തുക വകയിരുത്തണമെന്നതുള്‍പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളെല്ലാം ആശ്യങ്ങളായി തന്നെ നില്‍ക്കുകയാണ്. കൊച്ചി മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങുന്നതിന് കേരളം കേന്ദ്ര സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതും അസ്ഥാനത്തായി.
റബ്ബറിന്റെ വിലത്തകര്‍ച്ച നേരിടാന്‍ ഇറക്കുമതി തീരുവ കൂട്ടുകയോ വിലസ്ഥിരതാ നിധി രൂപവത്കരിക്കുകയോ ചെയ്തിട്ടില്ല. പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ 34.99 കോടി രൂപ മാത്രമാണ് വകയിരുത്തിയത്.
തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന് (നിഷ്) സര്‍വകലാശാലാ പദവി നല്‍കിയത് മാത്രമാണ് ബജറ്റില്‍ കേരളത്തിന് വേണ്ടിയുള്ള പുതിയ പ്രഖ്യാപനം. കൊച്ചി മെട്രോ പദ്ധതിക്ക് 872.88 കോടി രൂപയുടെ നിക്ഷേപമാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ കേന്ദ്ര വിഹിതമായി 273.8 കോടി രൂപയാണ് ലഭിക്കുക. കേന്ദ്ര നിക്ഷേപമായി 273.8 കോടി രൂപയും നികുതിയിളവായി 60.64 കോടിയും വിദേശ വായ്പയിലൂടെ 264.64 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വിക്രം സാരാഭായി സ്‌പേസ് സെന്ററിന് 679.60 കോടി രൂപ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.