Connect with us

Kannur

തൃശൂര്‍ സ്വദേശിനിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മുംബൈയില്‍ പിടിയിലായി

Published

|

Last Updated

കണ്ണൂര്‍: തൃശൂര്‍ സ്വദേശിനിയായ ട്രെയിന്‍ യാത്രക്കാരിയുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൊള്ളയടിച്ച സംഭവത്തിലെ പ്രതി മുംബൈയില്‍ പിടിയിലായി.
മഹാരാഷ്ട്രയിലെ ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാന്‍ കണ്ണൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുമായി കണ്ണൂര്‍ റെയില്‍വേ പോലീസ് മുംബൈയിലെത്തി. മറ്റൊരു കേസില്‍ മുംബൈ റെയില്‍വേ പോലീസ് പിടികൂടിയ മുംബൈ താനെ സ്വദേശി ലക്ഷ്മി ചന്ദ് വട്ടവാനി (60) ക്ക് ഈ സംഭവത്തിലും ബന്ധമുണ്ടെന്ന് പോലീസിനെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെ (രണ്ട്) പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവുമായി മുംബൈയിലെത്തിയ കണ്ണൂര്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ എസ് ഐ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതി കഴിയുന്ന പൂനെ യേര്‍വാഡ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് കൈമാറി.
പ്രതിയെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയേക്കും. മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന റിട്ട. ഗവ. ജീവനക്കാരി തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലില്ലി റാഫേലിന്റെ ഏഴര പവന്‍ സ്വര്‍ണാഭരങ്ങള്‍ അടങ്ങിയ ബാഗാണ് 2014 നവംബര്‍ 11ന് പുലര്‍ച്ചെ മംഗളൂരു സൂറത്ത്കല്ലിന് സമീപം വെച്ച് കൊള്ളയടിച്ചത്.
കവര്‍ച്ച നടന്ന സ്ഥലം കര്‍ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ യാത്രക്കാരിയുടെ പരാതി പ്രകാരം കണ്ണൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു.
എന്നാല്‍ കര്‍ണാടക പോലീസ് ഫയല്‍ തിരിച്ചയച്ചതിനെ തുടര്‍ന്ന് കേസ് ഇവിടെ തന്നെ അന്വേഷിക്കാന്‍ റെയില്‍വേ എസ് പി. വി സി മോഹനന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Latest