നിസാമിന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 12 വരെ നീട്ടി

Posted on: February 28, 2015 9:19 am | Last updated: March 1, 2015 at 8:45 am

കുന്നംകുളം: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 12 വരെ നീട്ടി.
കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അരവിന്ദാക്ഷനാണ് റിമാന്‍ഡ് നീട്ടിയത്.
1.30ഓടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് നിസാമിനെ കോടതിയിലെത്തിച്ചത്. ശാന്തനായി കാണപ്പെട്ട നിസാം ജീപ്പില്‍ നിന്നിറങ്ങിയശേഷം വേഗം കോടതി മുറിയിലേക്ക് കയറി. തുടര്‍ന്ന് പതിനൊന്നുമണിയോടെയാണ് വിധിയുണ്ടായത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിസാമിനെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം കേസില്‍ നിസാമിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പി ഡി ജോസ് നല്‍കിയ ഹരജി കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. നിസാമിന്റെ ഉടമസ്ഥതയിലുളള തിരുനെല്‍വേലിയിലെ 12000 ഏക്കര്‍ പുകയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് താലിബാന്‍ ട്രെയിനിംഗ് ലഭിച്ചിട്ടുണ്ടെന്ന് ജോസഫ് പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് അനിരുദ്ധന്‍ മാര്‍ച്ച് 11 ലേക്ക് മാറ്റി.