പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Posted on: February 28, 2015 5:41 am | Last updated: February 28, 2015 at 12:41 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുകുള്‍ റോയ് എം പിയെ നീക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയ വടംവലിയുടെ പരസ്യമായ തുടക്കമായി ഈ സംഭവവികാസത്തെ വിലയിരുത്തുന്നത്. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്ന മുകുള്‍ റോയ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനായാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാനിടയുണ്ടെന്നും ആശങ്കയുണ്ട്.
കുറച്ച്കാലമായി റോയിയും മമതയും അകല്‍ച്ചയിലാണ്. ഫെബ്രുവരി 14ന് മമത നടത്തിയ പാര്‍ട്ടി പുനഃസംഘടനയില്‍ സുബ്രതാ ബക്ഷിയെ റോയിക്ക് മുകളില്‍ ടി എം സി അഡീഷനല്‍ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചിരുന്നു. ശാരദ ചിറ്റ്ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സി ബി ഐ റോയിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ റോയ്, മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുമായിരുന്നു. പോയ രണ്ട് മൂന്ന് കൊല്ലത്തിനിടയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായ വിജയക്കുതിപ്പ് റോയിയുടെ പ്രവര്‍ത്തന ഫലമായിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ബോഗാന്‍ ലോക്‌സഭാ മണ്ഡലത്തിലും കൃഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രചാരണ രംഗത്ത് നിന്ന് പോലും മുകുള്‍ റോയിയെ അകറ്റിനിര്‍ത്തുകയായിരുന്നു.
മമതക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ മുര്‍ഷിദാബാദിലെ പാര്‍ട്ടിനേതാവും മുന്‍ മന്ത്രിയുമായ ഹുമയൂണ്‍ കബീറിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുകുള്‍ റോയിയെ മുഖ്യമന്ത്രി മമത മൂലക്കിരുത്താന്‍ ശ്രമിക്കുന്നുവെന്ന് കബീര്‍ പരസ്യമായി ആരോപിച്ചിരുന്നു. സുരിയില്‍ നിന്നുള്ള എം എല്‍ എ സ്വപന്‍ കാന്തി ഘോഷിനേയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാര്‍ട്ടിയില്‍ അസംതൃപ്തി ശക്തിപ്പെടുകയാണെന്നും മമതക്ക് അധികകാലം മുഖ്യമന്ത്രിയായി തുടരാനാകില്ലെന്നും കബീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് അടുത്ത ദിവസമാണ് റോയിയെ മമത പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്.