Connect with us

National

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. പെഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിനും (പി ഐ ഒ) ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണും (ഒ സി ഐ) ലയിപ്പിക്കണമെന്ന് വിദേശങ്ങളിലെ ഇന്ത്യന്‍ വംശജര്‍ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജനുവരി ആറിന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ബില്‍ ആകാന്‍ പോകുകയാണ്.
ഇതുപ്രകാരം ഇന്ത്യന്‍ വംശജര്‍ക്ക് ഇനി എല്ലാ സന്ദര്‍ശനത്തിലും പ്രാദേശിക പോലീസിന് മുമ്പില്‍ ഹാജരാകേണ്ടതില്ല. കൂടാതെ ഇവര്‍ക്ക് ആജീവനാന്ത വിസയും ലഭിക്കും. ബില്‍ നിയമമാകുന്നതോടെ കഴിഞ്ഞ വര്‍ഷാവസാനം ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികള്‍ക്കായി നടത്തിയ പരിപാടിയില്‍ നല്‍കിയ വാഗ്ദാനമാണ് പ്രാബല്യത്തില്‍ വരിക. പൗരന്മാരില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് 1955 ലെ പൗരത്വ നിമയമം ഭേദഗതി ചെയ്യാന്‍ അംഗീകാരം നല്‍കിയത്. ലോക്കല്‍ പോലീസ് സന്ദര്‍ശനവും വിദേശത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്ന് സ്വത്തുകള്‍ വാങ്ങുന്നതിന് അനുമതി നിഷേധിക്കുംവിധം നിലവിലുള്ള ശക്തമായ വിസാ ചട്ടങ്ങളുമാണ് പ്രധാന പരാതികള്‍. രാജ്യത്തിന് പുറത്ത് പോകുമ്പോള്‍ വര്‍ഷത്തില്‍ 30 ദിവസത്തെ സമയവും ഭേദഗതിയോടെ ലഭിക്കും.